നടന്നത് മാല പറിക്കൽ, പോലീസിന്റെ കണ്ണിൽ മാല പറിക്കാനുള്ള ശ്രമം

സ്റ്റാഫ് ലേഖകൻ

നീലേശ്വരം : എരിക്കുളത്ത് ആഗസ്റ്റ് 8-ന് ചൊവ്വാഴ്ച പുലർച്ചെ നടന്നത് വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല പറിച്ചുകൊണ്ടുപോയ ഗുരുതര കവർച്ച. തത്സമയം, നീലേശ്വരം പോലീസിന്റെ കണ്ണിൽ ഇൗ മാല പറിക്കൽ, സ്വർണ്ണമാല പറിക്കാനുള്ള ശ്രമം മാത്രമാണ്. മടിക്കൈ വില്ലേജിലെ എരിക്കുളം കളരിക്കാൽ വീട്ടിൽ സരോജിനിയുടെ കഴുത്തിൽ നിന്ന് ആഗസ്റ്റ് 8-ന് പുലർച്ചെ 4–30 മണിക്കാണ് രണ്ടംഗ അജ്ഞാത സംഘം സ്വർണ്ണമാല പറിച്ചെടുത്ത് രക്ഷപ്പെട്ടത്.

ഒരാൾ സരോജിനിയുടെ വായ മൂടിപ്പിടിക്കുകയും, അപരൻ സ്വർണ്ണമാല പറിക്കുകയും ചെയ്തപ്പോൾ, സരോജിനി വലതുകൈകൊണ്ട് സ്വർണ്ണമാല മുറുകെപ്പിടിച്ചതിനാൽ മാലയുടെ മുക്കാൽ ഭാഗം കവർച്ചാക്കാരുടെ കൈയ്യിലും ചെറിയൊരുഭാഗം സരോജിനിയുടെ കൈയ്യിലും പെട്ടു.

മൂന്നുപവൻ സ്വർണ്ണമാലയിൽ കാൽഭാഗം മാത്രമാണ് വീട്ടമ്മ സരോജിനിയുടെ  കൈയ്യിൽപ്പെട്ടത്. സരോജിനിയുടെ വീട്ടിനടുത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുലർകാലം 4 മണിക്ക് പാട്ട് വെച്ചപ്പോൾ ഉണർന്ന വീട്ടമ്മ  അടുക്കളയിൽ ലൈറ്റിട്ട ശേഷം മുറ്റത്ത് പാത്രങ്ങൾ കഴുകുന്നതിനിടയിലാണ് രണ്ടംഗ സംഘം സരോജിനിയുടെ കഴുത്തിൽ നിന്ന് ഓർക്കാപ്പുറത്ത് സ്വർണ്ണമാല പറിച്ചെടുത്ത് ഇരുളിൽ മറഞ്ഞത്. മാല പറിച്ചവരെ സരോജിനി കണ്ടിരുന്നുവെങ്കിലും, മുറ്റത്ത് വൈദ്യുതി വെളിച്ചമില്ലാതിരുന്നതിനാൽ, ആളെ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് സരോജിനി പോലീസിനോട് പറഞ്ഞിരുന്നു.

മൂന്ന് പവൻ സ്വർണ്ണമാലയിൽ മുക്കാൽ ഭാഗവും കവർച്ചക്കാർ കൈക്കലാക്കിയതിനാൽ നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഇന്നത്തെ വിലയനുസരിച്ച് 87,280 രൂപ വില വരും. കവർച്ച നടന്ന് രണ്ടുമണിക്കൂറിനകം തന്നെ സരോജിനിയുടെ മകൻ പുഷ്ക്കരാക്ഷൻ നീലേശ്വരം പോലീസിലെത്തി സ്വർണ്ണം പറിച്ചുകൊണ്ടുപോയവരെക്കുറിച്ച് വിവരം നൽകുകയും, രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടും,പോലീസ് ഇൗ മാല പറിക്കൽ സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത് മൂന്ന് നാൾക്ക് ശേഷം ആഗസ്റ്റ് 10-ന് വൈകുന്നേരം 4–20 മണിക്കാണ്.

കവർച്ച നടന്ന വിവരമനുസരിച്ച് നീലേശ്വരം പോലീസ് എരിക്കുളത്തുള്ള സരോജിനിയുടെ വീട്ടിലെത്തി കവർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കിയിട്ടും, പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത് ,കുറ്റകൃത്യം നടന്നിട്ട് 53 മണിക്കൂറുകൾ പിന്നിട്ട ശേഷമാണ്.

നീലേശ്വരം പോലീസ് ഇന്നലെ 10–08–2023–ന് 19–57 മണിക്ക് (വൈകുന്നേരം 7–57 മണിക്ക്) റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സരോജിനിയുടെ മാല പറിച്ചത് ആഗസ്റ്റ് 8–ന് പുലർകാലം 4–20 മണിക്കും 5 മണിക്കും മധ്യേയാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, എഫ്ഐആർ റജിസ്റ്റർ ചെയ്തത് ഇന്നലെ ആഗസ്റ്റ് 10–ന് വൈകുന്നേരമാണ്. ഇൗ എഫ്ഐആറിൽ പോലീസ് മറ്റൊരു മലക്കം മറിച്ചലും രേഖപ്പെടുത്തിയിട്ടുണ്ട്. സരോജിനിയുടെ മാല പറിച്ച വിവരം പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ഇന്നലെ ആഗസ്റ്റ് 10–ന് വൈകുന്നേരം 6–30 മണിക്കാണെന്ന് എഫ്ഐആറിൽ  രേഖപ്പെടുത്തിക്കാണുന്നു. ഇത് തീർത്തും കളവായതും, പോലീസ് ഇൗ സ്വർണ്ണമാല പറിക്കൽ സംഭവത്തിൽ എന്തോ ഒളിച്ചുവെക്കാൻ ശ്രമിച്ചതിനുമുള്ള തെളിവുമാണ്.

പോലീസിന്റെ മറ്റൊരു കരണം മറിച്ചൽ ശ്രദ്ധിക്കുക : മൂന്ന് പവൻ സ്വർണ്ണമാലയിൽ രണ്ടര പവനോളം കവർച്ചക്കാർ കൊണ്ടുപോയ സംഭവത്തിൽ യഥാർത്ഥത്തിൽ സ്വർണ്ണമാല കവർച്ചയാണ് എരിക്കുളത്ത് നടന്നിട്ടുള്ളത്. പക്ഷേ പോലീസ് ഇൗ കവർച്ചയെ ”കവർച്ചാ ശ്രമമാക്കി” മാറ്റുകയാണ് ചെയ്തത് . കവർച്ചാ ശ്രമം എന്നാൽ സ്വർണ്ണം കവർച്ചക്കാർ കൊണ്ടുപോയിട്ടില്ലെന്നാണ്.

എഫ്ഐആർ നമ്പർ 0646 ൽ (നീലേശ്വരം പോലീസ്)ചേർത്ത  കുറ്റകൃത്യത്തിന്റെ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമം 393. സ്വർണ്ണം പറിക്കാനുള്ള ശ്രമം മാത്രമാണ്. നാട്ടിൽ കുറ്റകൃത്യം നടന്നാൽ 48 മണിക്കൂറിനകം എഫ്ഐആർ കോടതിയിലെത്തിക്കണമെന്ന് കേരള മുഖ്യമന്ത്രിയും, സുപ്രീംകോടതിയും ആവർത്തിച്ച് ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് എരിക്കുളം വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന സംഭവത്തിൽ പോലീസ് വ്യക്തമായി കള്ളനും പോലീസും കളിച്ച് ശ്രദ്ധ പിടിച്ചുപറ്റിയത്.

LatestDaily

Read Previous

വിമാനം ബസ് ട്രെയിൻ ടിക്കറ്റുകളിൽ വൻനിരക്ക് വർധന

Read Next

തലശ്ശേരിയിൽ ദൽഹി ബന്ധമുള്ള യുവതിയടക്കം അഞ്ചംഗ ലഹരി സംഘം അറസ്റ്റിൽ