സീറ്റ് തിരിച്ചെടുത്ത് കോൺഗ്രസ്സ്; കള്ളാറിൽ മുസ് ലീം ലീഗ് യുഡിഎഫ് മുന്നണി വിട്ടു

രാജപുരം: ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ മുസ്്ലീം ലീഗിന് കോൺഗ്രസ്സ് വിട്ടുനൽകിയ സീറ്റ്, കോൺഗ്രസ്സ് തിരിച്ചെടുത്തതിനെ തുടർന്ന് കള്ളാർ യുഡിഎഫിൽ പൊട്ടിത്തെറി.  യുഡിഎഫ് ബന്ധം അവസാനിപ്പിച്ച മുസ്്ലീം ലീഗ് കള്ളാർ പഞ്ചായത്തിൽ കോൺഗ്രസ്സിനെതിരെ എട്ട് വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

പരപ്പ ബ്ലോക്ക് കള്ളാർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്്ലീം ലീഗ് പഞ്ചായത്ത് സിക്രട്ടറി എം. എം. ജാഫറിനെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ജാഫറിന് വേണ്ടി മുസ്്ലീം ലീഗ് നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടാമെന്ന ധാരണയിലായിരുന്നു കോൺഗ്രസ്സ്. ലീഗിന് ബ്ലോക്കിലേക്ക് മത്സരിക്കാൻ സീറ്റ് വിട്ടു നൽകിയത്. ഇത് സമ്മതിച്ച് കൈപ്പത്തിച്ചിഹ്നത്തിൽ ലീഗ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായിരുന്നു.

ഇന്നലെ അപ്രതീക്ഷിതമായി ലീഗിന് ബ്ലോക്ക് ഡിവിഷനിലേക്ക് നൽകിയ സീറ്റിൽ കോൺഗ്രസ്സ് പാർട്ടി മണ്ഡലം കമ്മിറ്റിയംഗമായ സുരേഷ് ഫിലിപ്പിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.  കോൺഗ്രസ്സ് നടപടിയിൽ ക്ഷുഭിതരായ ലീഗ് നേതൃത്വം ഇന്നലെ അടിയന്തിര യോഗം ചേർന്ന് ജാഫറിനെ ബ്ലോക്കിലേക്ക് മത്സരിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പകരം കള്ളാർ പഞ്ചായത്തിലെ കോൺഗ്രസ്സിനെതിരെ ജാഫർ ഉൾപ്പെടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്്ലീം ലീഗിന് ഒരു വാർഡ് കോൺഗ്രസ്സ് വിട്ട് നൽകിയിരുന്നു. ഈ വാർഡ് സംവരണ സീറ്റായതിനെ തുടർന്ന് കഴിഞ്ഞ തവണ തങ്ങൾക്ക് നൽകിയ വാർഡ് ലീഗ് കോൺഗ്രസ്സിന് മത്സരിക്കാൻ വിട്ടു നൽകുകയായിരുന്നു.

കള്ളാർ ടൗൺ പ്രദേശം ഉൾപ്പെടുന്ന എട്ടാം വാർഡ് തിരിച്ച് ചോദിച്ചുവെങ്കിലും ലീഗിന് സീറ്റ് വിട്ടുനൽകാൻ കോൺഗ്രസ്സ് തയ്യാറായില്ല. ലീഗിന് ബ്ലോക്കിലേക്ക് മത്സരിക്കാൻ വിട്ടു നൽകിയ സീറ്റ് കോൺഗ്രസ്സ് തിരിച്ചെടുത്തതിനെതുടർന്നായിരുന്നു പഞ്ചായത്തിലേക്ക് മത്സരിക്കാൻ ലീഗ് വീണ്ടും കോൺഗ്രസ്സിനോട് സീറ്റ് ആവശ്യപ്പെട്ടതെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ആവശ്യം കോൺഗ്രസ്സ് അവഗണിച്ചതോടെയാണ് യുഡിഎഫ് മുന്നണിബന്ധം അവസാനിപ്പിച്ച് തനിച്ച് മത്സരിക്കാൻ ലീഗ് തീരുമാനമെടുത്തത്. മുസ്്ലീം ലീഗിന് 300 ഓളം വോട്ടുകളുള്ള കള്ളാർ 8-ാം വാർഡിൽ എം. എം. ജാഫറിനെയാണ് ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. 2-ാം വാർഡ് ആടകത്ത് ലീഗ് ജനറൽ സിക്രട്ടറി അബ്ദുൾ നാസർ പത്രിക നൽകും. 3 ചേറ്റുകുണ്ട് വാർഡിൽ അബ്ദുൾ കരീമും, 14 കുടുംബൂര് വാർഡിൽ ഉമ്മറും മത്സരിക്കും. വനിതാ സംവരണ വാർഡായ കോളിച്ചാൽ 5-ാം വാർഡിലും പത്രിക നൽകും. ഉച്ചയോടെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു

LatestDaily

Read Previous

പി. ഖദീജയെ തഴഞ്ഞതിന് പിന്നിൽ ലീഗ് നേതാവ്; 40-ാം വാർഡിൽ ആസിയ ലീഗ് വിമത സ്ഥാനാർത്ഥി

Read Next

ഡോക്ടർ കെ.സതീഷ് ഷേണായ് അന്തരിച്ചു