ഗഫൂർഹാജിയുടെ മരണ കാരണം തലയ്ക്കടിയേറ്റല്ലെന്ന് പോലീസ്

സ്വന്തം ലേഖകൻ

ബേക്കൽ: പൂച്ചക്കാട്ടെ ഗഫൂർ ഹാജിയുടെ മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന തരത്തിൽ പ്രചരിക്കുന്ന  വാർത്തകളെ നിഷേധിച്ച് ബേക്കൽ പോലീസ്. അത്തരത്തിലുള്ള  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബേക്കൽ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാർ വ്യക്തമാക്കിയത്.

ഗഫൂർഹാജിയുടെ മരണം തലയ്ക്കേറ്റ അടിയാണെന്ന തരത്തിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ ഇന്ന് രാവിലെ മുതൽ വാർത്ത സംപ്രേഷണം ചെയ്തിരുന്നു. ഗഫൂർ ഹാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ടെലിവിഷൻ ചാനലിലെ വാർത്ത. വാർത്തയോടൊപ്പം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കോപ്പിയും ചാനൽ പുറത്തുവിട്ടിരുന്നു.

ഏപ്രിൽ 14-നാണ് പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി സി.കെ. അബ്ദുൾ ഗഫൂർഹാജിയെ അദ്ദേഹത്തിന്റെ പൂച്ചക്കാട്ടെ വസതിയായ ബൈത്തുൽ റഹ്മയിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് കരുതി ബന്ധുക്കൾ  മൃതദേഹം മറവ് ചെയ്തിരുന്നുവെങ്കിലും, വീട്ടിൽ സൂക്ഷിച്ച 600 പവൻ സ്വർണ്ണം കാണാതായതോടെ മരണത്തിൽ ദുരൂഹത വർദ്ധിച്ചു.

ഗഫൂർ ഹാജിയുടെ മകന്റെ പരാതിയിൽ ഏപ്രിൽ 27-ന് ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം  നടത്തുകയും ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. പരിശോധനാ ഫലത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന പോലീസിന്റെ നിലപാടിനെ തള്ളിക്കളയുന്ന വിധത്തിലാണ് ഇന്ന് രാവിലെ മുതൽ സ്വകാര്യ ടെലിവിഷൻ ചാനലിൽ മരണത്തെക്കുറിച്ച് വാർത്ത വന്നത്.

പോലീസിന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ബേക്കൽ ഡിവൈഎസ്പി അറിയിച്ചത്. അബ്ദുൾ ഗഫൂർ ഹാജിയുടെ മരണവും സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായതോടെ അദ്ദേഹവുമായി അടുത്ത പരിചയമുണ്ടായിരുന്ന  ജിന്ന് യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും സ്വർണ്ണത്തെക്കുറിച്ച്  തുമ്പ് ലഭിച്ചിട്ടില്ല.

ഒന്നിൽക്കൂടുതൽ തവണ പോലീസ് ചോദ്യം ചെയ്തിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്ന് യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാൻ ബേക്കൽ പോലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. നുണ പരിശോധനയ്ക്ക് കോടതി അനുമതി ലഭിച്ചാലുടൻ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബേക്കൽ പോലീസ് അറിയിച്ചു.

LatestDaily

Read Previous

ഫേസ്ബുക്ക് പോസ്റ്റിനെതിരെ അമ്മമാരുടെ പരാതി

Read Next

സമസ്തയുടെ ഇടതു ആഭിമുഖ്യം മുസ്്ലീം ലീഗിനെ ഭയപ്പെടുത്തുന്നു