ഓണത്തിരക്കിൽ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവെ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഓണത്തിരക്ക് മുതലാക്കി യാത്രക്കാരെ റെയിൽവെ കൊള്ളയടിക്കുന്നു തിരുവോണത്തിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തേണ്ട മലയാളികളെ റെയിൽവെ കൊള്ളയടിക്കുന്നത്. മിക്ക ട്രെയിനുകളിലും ഓണം വരെയുള്ള സ്ലീപ്പർ ക്ലാസ് , ഏസി ത്രീ ടയർ ടീക്കറ്റുകൾ തീർന്നു. കാത്തിരിപ്പ് പട്ടിക മിക്ക ട്രെയിനുകളിലും നൂറോടടുത്തിരിക്കുന്നു.

ട്രെയിനുകളിലെ തിരക്ക് പരിഗണിച്ച് റെയിൽവെ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകളിൽ ഈടാക്കുന്ന പ്രത്യേക നിരക്ക് സാധാരണ നിരക്കിന്റെ എത്രയോ ഇരട്ടി  കൂടുതലാണ്. ഓണത്തിരക്കിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കയക്കുന്ന രണ്ട് ട്രെയിനുകളിലും പ്രത്യേക നിരക്കാണ്. ഇപ്രകാരം കോവിഡിന് മുമ്പുള്ള ഉത്സവ സീസൺ പ്രത്യേക ട്രെയിനുകൾക്ക്  അനുവദിക്കാറുണ്ടായിരുന്നുവെങ്കിലും, പ്രത്യേക നിരക്ക് വൻ തോതിൽ ഈടാക്കിയിരുന്നില്ല.

ഇക്കഴിഞ്ഞ ക്രിസ്തുമസ് ശബരിമല സീസണുകളിൽ ഇത്തരം സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ച് അമിത നിരക്ക് ഈടാക്കിയിരുന്നു. ഇപ്രകാരം ഓടിക്കുന്ന ട്രെയിനുകളിൽ സറ്റോപ്പുകൾ കുറവായതിനാൽ ദീർഘ ദൂര യാത്രക്കാർക്ക് വേണ്ട വിധം പ്രയോജനപ്പെടുത്താനും കഴിയുന്നില്ല.

കോവിഡിന് ശേഷം പാസഞ്ചർ- പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പൂർണ്ണമായും പുനസ്ഥാപിക്കാത്തതും, നേരത്തെയുണ്ടായിരുന്നത് പോലെ ജനറൽ കോച്ചുകൾ പുനസ്ഥാപിക്കാത്തതും , സ്ഥിരമായി ദീർഘദൂരയാത്രയ്ക്ക് ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ ദുരിതം വർധിക്കാൻ ഇടയാക്കുന്നുണ്ട്.

തിരക്കേറിയ സമയങ്ങളിൽ ദീർഘ ദൂര യാത്രക്കാർക്കുള്ള ജനറൽ കോച്ചുകൾ കുറക്കുന്നത് സാധാരണക്കാരുടെ യാത്രാദുരിതം ഇരട്ടിപ്പിക്കുകയാണ്. ദീർഘ ദൂരയാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കുന്നതിന് പുറമെ ജനറൽ കോച്ചുകൾ കുറക്കുകയും ഉയർന്ന ക്ലാസുകളിലുള്ള ഏ.സി കോച്ചുകൾ വർധിപ്പിച്ച് താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയും  ചെയ്യുന്നത് യാത്രക്കാർക്ക് ഇരുട്ടടിയായി മാറുകയാണ്.

LatestDaily

Read Previous

നിർത്തിയിട്ട ബൈക്കിന് കുഴലിന്റെ പേരിൽ പിഴ

Read Next

ഹോട്ടലുകളിൽ തക്കാളി ഫ്രൈ ഔട്ട്