ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം കൊണ്ടുപോയത് മറ്റുചിലരാണെന്നും സ്പീക്കർക്കെതിരെയുള്ള സമരത്തിന്റെ ഗതി അങ്ങനെയാകരുതെന്നുമുള്ള കെ. സുരേന്ദ്രന്റെ മുന്നറിയിപ്പ് പുറത്തായതോടെ ശബരിമല സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്ന നിലപാടാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ പരസ്യമാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ.
സുപ്രീംകോടതി വിധി പ്രകാരമുള്ള സബരിമല സ്ത്രീപ്രവേശനവിഷയം സർക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയും കേരളം മുഴുവൻ നാമജപ ഘോഷയാത്ര നടത്തുകയും ചെയ്ത ബിജെപി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നതെന്ന് വിമർശകർ ആരോപിക്കുന്നു.
ശബരിമല പ്രക്ഷോഭത്തെ വോട്ടാക്കി മാറ്റാൻ ലക്ഷ്യമിട്ട് ബിജെപി നടത്തിയ നീക്കങ്ങൾ തെരഞ്ഞെടുപ്പിൽ പാടെ പരാജയപ്പെടുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നിലവിലുള്ള നേമം സീറ്റ് പോലും നഷ്ടപ്പെടുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഏശിയില്ലെന്ന് വ്യക്തമായിട്ടും സ്പീക്കർ ഏ.എൻ. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തി വിഷയം അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സജീവമായി നിലനിർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
അന്ധവിശ്വാസങ്ങളെയും ശാസ്ത്രസത്യങ്ങളെയും കൂട്ടിക്കെട്ടാനുള്ള നീക്കങ്ങൾക്കെതിരെ സ്പീക്കർ നടത്തിയ പ്രസംഗമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ഹിന്ദു സമുദായത്തിന്റെ ആരാധനാമൂർത്തിയായ ഗണപതി പ്ലാസ്റ്റിക് സർജറിയുടെ ആദ്യരൂപമാണെന്ന പ്രധാനമന്ത്രി യുെട പ്രസംഗത്തെ ഉദ്ധരിച്ചാണ് സ്പീക്കർ പ്രധാനമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് പ്രസംഗിച്ചത്.
ഗണപതിയെ സ്പീക്കർ അവഹേളിച്ചെന്ന വാദമുയർത്തി നായർസമുദായ സംഘടന നടത്തിയ നാമജപയാത്രയെ പിന്തുടർന്നാണ് സ്പീക്കർക്കെതിരെ ബിജെപി സമരത്തിനാഹ്വാനം ചെയ്തത്. വിവാദങ്ങളൊന്നുമില്ലാതെ ശാന്തമായിരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സ്പീക്കറുടെ പ്രസംഗം ബിജെപിക്ക് ആയുധമായി ലഭിച്ചത്.
ശബരിമല പ്രക്ഷോഭത്തിന്റെ ഗുണഫലം കോൺഗ്രസിന് ലഭിച്ചതായാണ് ബിജെപി വിലയിരുത്തിയത്. ഗണപതി വിഷയത്തിൽ നടക്കുന്ന സമരങ്ങളുടെ ഗുണഫലം ലോകസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായി മാറ്റാനുള്ള രാഷ്ട്രീയ തന്ത്രമാണ് ബിജെപി പരീക്ഷിക്കുന്നത്.
സ്പീക്കർക്കെതിരെ ഹിന്ദുക്കളെ മുഴുവൻ അണി നിരത്തുമെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്റെ പ്രസ്താവന. സ്പീക്കർ മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം, സ്പീക്കർ മാപ്പു പറയില്ലെന്ന ഉറച്ച നിലപാടാണ് സിപിഎമ്മിന്റേത്. ശബരിമല വിഷയം പോലെ തന്നെ ഗണപതി വിഷയവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ഭരണഘടനാപരമായ ദൗത്യമാണ് സ്പീക്കർ നിർവ്വഹിച്ചതെന്നും സിപിഎം അവകാശപ്പെടുന്നു.