ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാർട്ടിയിൽ സൈബർയുദ്ധം
കാഞ്ഞങ്ങാട്: തർക്കമുണ്ടായിരുന്ന മൂന്ന് വാർഡുകളിൽ മുസ്്ലീം ലീഗ് ജില്ലാ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ, പാർട്ടിയിൽ സൈബർയുദ്ധം. 35 പട്ടാക്കാൽ വാർഡിൽ പി. ഖദീജയെ തള്ളി നഗരസഭാ ജീവനക്കാരൻ റിയാസിന്റെ ഭാര്യ സീനത്ത് റിയാസിനാണ് സീറ്റ് നൽകിയത്.
ബാവനഗർ 37-ൽ എം. ഇബ്രാഹിമിന് സീറ്റ് നിഷേധിച്ച് സി.കെ. അഷറഫിനെ സ്ഥാനാർത്ഥിയാക്കി. നിലാങ്കര വാർഡ് 18-ൽ എക്സൈസിൽ നിന്നും വിരമിച്ച അസീസിനെയാണ് ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ മുസ്്ലീം ലീഗ് നേതാവ് കെ.കെ. ഇസ്മയിലിന്റെ പേരായിരുന്നു പരിഗണിച്ചിരുന്നത്. ഇസ്മായിൽ റിബലാവുകയും ചെയ്തു.
തർക്കമുണ്ടായിരുന്ന വാർഡുകളിൽ രാത്രി സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായതോടെ പാർട്ടി തീരുമാനത്തെ എതിർത്ത് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. പെയ്മെന്റ് സീറ്റാണ് പലതുമെന്ന ആരോപണമുയർത്തി സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥികളെ അനുകൂലിച്ചും എതിർത്തും ലീഗ് അണികളുടെ പോര് തുടരുകയാണ്.
കഴിഞ്ഞ തവണ വിജയിച്ച മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥി മഹമൂദ് മുറിയനാവിക്ക് ഇത്തവണ മത്സരിക്കുന്ന രണ്ട് പാർട്ടി സ്ഥാനാർത്ഥികൾ നോട്ടുമാലയിടുന്ന ചിത്രവും വാർത്തയുമടങ്ങിയ ഇന്നലത്തെ ലേറ്റസ്റ്റ് പത്രം ലീഗ് സംസ്ഥാന നേതൃത്വത്തിന് സോഷ്യൽ മീഡിയ വഴി ലീഗ് പ്രവർത്തകർ എത്തിച്ചിട്ടുണ്ട്. സിപിഎം പക്ഷത്തുള്ള കൗൺസിലർ മഹമൂദിന് നോട്ടുമാല ചാർത്തിയതിൽ അപാകതയില്ലെന്നായിരുന്നു പ്രവർത്തകർക്ക് സംസ്ഥാന നേതാവ് നൽകിയ മറുപടി.
വലിയ തോതിൽ പണം കൈപ്പറ്റി സീറ്റ് നൽകിയെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചയാണ്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായെങ്കിലും, റിബൽ സ്ഥാനാർത്ഥികൾ രംഗത്തെത്തിയതിന് പിന്നാലെ സൈബർ യുദ്ധവും ലീഗ് നേതൃത്വത്തിന് തലവേദനയായി.