സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തെറിവിളിക്കുകയും റെയിൽവേ സ്റ്റേഷനിലെ ബോർഡും പൂച്ചട്ടികളും നശിപ്പിക്കുകയും ചെയ്തയാൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് പിഡിപിപി ആക്ടി പ്രകാരം കേസെടുത്തു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ജി. ആശയുടെ പരാതിയിലാണ് കേസ്. ഓഗസ്റ്റ് 3-ന് രാത്രി 11-30 മണിക്കും 4-ന് പുലർച്ചെ 2 മണിക്കുമിടയിലാണ് റെയിൽവെ സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ സൂപ്രണ്ടിനെയും സഹപ്രവർത്തകരെയും ക്യാബിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാതെ തെറിവിളിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ പരാക്രമം കാണിച്ച അജ്ഞാതൻ സ്റ്റേഷനിൽ സ്ഥാപിച്ച സൂചനാ ബോർഡും പൂച്ചട്ടികളും അടിച്ച് തകർക്കുകയും ചെയ്തു.