നടിക്കേസ്സിൽ റിട്ട. ഡിവൈഎസ്പിക്ക് എതിരെ കുറ്റപത്രം ആൽബം സംവിധായകനടക്കം കേസ്സിൽ എട്ട് സാക്ഷികൾ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കൊല്ലം സിനിമാ നടിയെ പെരിയ കല്ല്യോട്ട് നാലേക്രയിലുള്ള ഹോംസ്റ്റേയിൽ ലൈംഗികാഭ്യാർത്ഥന നടത്തിയ കേസ്സിൽ റിട്ടയേർഡ് ഡിവൈഎസ്പി  തൃക്കരിപ്പൂർ  ഇയ്യക്കാട്ടെ വി. മധുസൂദനന് 60, എതിരെ ബേക്കൽ പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ  കുറ്റപത്രം സമർപ്പിച്ചു.

കേസ്സിൽ മധുസുദനൻ മാത്രമാണ് പ്രതി. 2023 ഏപ്രിൽ 29-ന് പെരിയ കല്ല്യോട്ട് നാലേക്ര എന്ന സ്ഥലത്തുള്ള പ്രതി മധുസൂദനന്റെ സ്വന്തം ഹോംസ്റ്റേയിലാണ്  ഇരുപത്തിയെട്ടുകാരിയായ സിനിമാനടിയോട് മധുസൂദനൻ മദ്യം കഴിക്കാനും കൂടെക്കിടക്കാനും ആവശ്യപ്പെട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഒരു സംഗീത ആൽബത്തിൽ അഭിനയിക്കാനാണെന്ന് പറഞ്ഞ് മധുസൂദനന്റെ ചങ്ങാതിയായ കാഞ്ഞങ്ങാട്ടെ ആൽബം സംവിധായകനാണ് സിനിമാ നടിയെ കൊല്ലത്ത് നിന്ന് ഏപ്രിൽ 24-ന് കാഞ്ഞങ്ങാട്ടേക്ക് ക്ഷണിച്ചുവരുത്തിയത്. പെരിയ നാലേക്രയിലുള്ള  വിജനമായ പാറപ്പുറത്ത് മധുസൂദനൻ നേരത്തെ ഇത്തരം ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി പണി തീർത്ത 4/384/ബി കെട്ടിടത്തിൽ വൈകുന്നേരം  5 മണിയോടെ എത്തിയ നടിയെ രാത്രി 7 മണിയോടെ മധുസൂദനൻ ബിയർ കഴിക്കാൻ നിർബ്ബന്ധിക്കുകയായിരുന്നു.

പ്രതിയുടെ ഉറ്റ ചങ്ങാതിയും നാലേക്രയിൽ താമസക്കാരനുമായ മണ്ണ് ബിനു എന്നറിയപ്പെടുന്ന വിനോദാണ് നടിക്ക് കുടിക്കാൻ തണുപ്പിച്ച ബിയർ എത്തിച്ചത്.   പ്രതി മധുസൂദനന്റെ മുറിയിലേക്ക് വിളിച്ച് ആദ്യം മധുവാണ് നടിയോട് ബിയർ കഴിക്കാൻ ആവശ്യപ്പെട്ടത്. താൻ ബിയർ കഴിക്കാറില്ലെന്ന് പറഞ്ഞപ്പോൾ : ഹോട്ട്” എടുക്കട്ടെയെന്ന് നടിയോട് പറഞ്ഞത് ബിനുവാണ്. നടി ഉടൻ  മുറി വിട്ട് തൊട്ടടുത്തുള്ള ഏസിയില്ലാത്ത മുറിയിലേക്ക് പോവുകയും അകത്തുനിന്ന് വാതിലടക്കുകയും ചെയ്തു.

അതിനിടയിൽ ബിയർ കൊണ്ടുവന്ന ബിനു എന്നയാൾ ഒരു ബോട്ടിൽ ബിയർ പൊട്ടിച്ച് ഗ്ലാസ്സിലൊഴിച്ച് നൽകി കുടിക്കാൻ നടിയെ നിർബ്ബന്ധിച്ചുവെങ്കിലും, നടി കുടിച്ചില്ല. പിന്നീട് രാത്രി 7-30 മണിയായപ്പോൾ പ്രതി മധുസൂദനൻ നടി കിടക്കുന്ന മുറിയുടെ വാതിലിൽ ശക്തിയായി തട്ടി വിളിക്കുകയും നടി വാതിൽ തുറന്നപ്പോൾ “ഈ മുറിയിൽ ചൂടാണ്. എ ന്റെ മുറിയൽ ഏസിയുണ്ട് അവിടെ വന്നു കിടക്കാൻ” ആവശ്യപ്പെടുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

നടി എതിർത്തപ്പോൾ മുറിക്കകത്ത് ബലമായി കയറിയ പ്രതി മധു നടിയുടെ കാലിൽ കയറിപ്പിടിച്ചപ്പോൾ  പിടിവീണത് ഉടുപ്പിലാണ്. പ്രതി മധുസൂദനൻ വീണ്ടും നടിയുടെ ദേഹത്ത് കയറിപ്പിടിക്കാൻ മുതിർന്നപ്പോൾ നടി മുറിയിലുണ്ടായിരുന്ന  പ്ലാസ്റ്റിക് കസേര എടുത്ത്  മധുവിനെ അടിക്കാൻ  തിരിഞ്ഞപ്പോൾ പ്രതി മുറി വിട്ട് പുറത്തുപോവുകയായിരുന്നു.

പിന്നീട് നടിയെ പെരിയയിലെത്തിച്ച കാഞ്ഞങ്ങാട്ടെ ആൽബം സംവിധായകനെ  ഫോണിൽ വിളിച്ചുവരുത്തി രാത്രി 9-30 മണിയോടെ കാറിൽ ആദ്യം ഹൊസ്ദുർഗ് പോലീസിലും പിന്നീട് ബേക്കൽ പോലീസിലുമെത്തി പരാതി നൽകുകയായിരുന്നു.

അന്യായക്കാരിയായ സിനിമാനടിയെ കൂടാതെ എട്ട് സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. ഇവരിൽ ആൽബം  സംവിധായകനും നടിക്ക് ഹോം സ്റ്റേയിൽ രാത്രിയിൽ ഭക്ഷണമെത്തിച്ച പ്രതിയുടെ സുഹൃത്തും ഇതിനകം പ്രമാദമായ ഈ കേസ്സിൽ സാക്ഷിപ്പട്ടികയിലുണ്ട്. നടിക്ക് ബിയർ ഒഴിച്ചുകൊടുത്ത് കുടിക്കാൻ നിർബ്ബന്ധിച്ച പ്രതിയുടെ വിശ്വസ്ത സുഹൃത്ത് കല്ല്യോട്ടെ ബിനുവിന്റെ  പേര് നടി തന്റെ രഹസ്യമൊഴിയിൽ പറഞ്ഞിരുന്നുവെങ്കിലും, ബിനുവിനെ പോലീസ് കുറ്റപത്രത്തിൽ പ്രതി ചേർത്തു കാണുന്നില്ല.

LatestDaily

Read Previous

35-ാം കേരള സംസ്ഥാന പൂക്കള മത്സരം

Read Next

റെയിൽവേ സൂപ്രണ്ടിനെതിരെ കയ്യേറ്റ ശ്രമം