ചിത്രം തെളിഞ്ഞു; പ്രചരണം ചൂട് പിടിച്ചു

അജാനൂരിലും കാഞ്ഞങ്ങാട്ടും കടുത്ത പോരാട്ടം

കാഞ്ഞങ്ങാട്:  വാർഡുകളിലെ സ്ഥാനാർത്ഥികളിൽ സംബന്ധിച്ച് ചിത്രം വ്യക്തമായതോടെ പ്രചരണത്തിന് ചൂട് പിടിച്ചു. തർക്കമൊന്നുമില്ലാതെ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയ ശേഷം,  രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു. വാർഡുകളിലെ മിക്ക വീടുകളും സന്ദർശിക്കാൻ  ഒന്നാം ഘട്ടത്തിൽ സ്ഥാനാർത്ഥികൾക്കായി.

ഇന്നലെയും ഇന്നുമായി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ നിശബ്ദ പ്രചരണം നേരത്തെ ആരംഭിച്ചിരുന്നു. പാർട്ടി ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചതോടെ പ്രചരണത്തിൽ മറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം ഓടിയെത്താനാവും ഇവരുടെ ശ്രമം. പഞ്ചായത്ത് – നഗരസഭകളിലെ  മിക്ക വാർഡുകളിലും വോട്ട് കണക്കിൽ രാഷ്ട്രീയ പാർട്ടികൾ ബലാബലമാണ്. ഒരു വോട്ടുപോലും വിജയ പരാജയങ്ങൾ നിർണ്ണയിക്കുമെന്നതുകൊണ്ട് പഴുതടച്ചുള്ള പ്രചാരണത്തിലാണ് മുന്നണികൾ. വാർഡുകളിലെ ജാതിയും, മതവും സ്ത്രീ- പുരുഷ അനുപാതമടക്കമുള്ള കണക്കുകൾ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ കൈവശമുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ,  സ്ഥാനാർത്ഥികൾക്കൊപ്പം പ്രചാരണത്തിന് അഞ്ചിൽ താഴെ ആളുകളാണ് ഒപ്പമുള്ളത്. ഒരു വോട്ടിന് ഒരു വാർഡ് നഷ്ടപ്പെടുകയും,  ഒരു വാർഡ് നഷ്ടപ്പെട്ടതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം നഷ്ടപ്പെടാമെന്ന സ്ഥിതിയുമുള്ളതിനാൽ, മിക്ക അടവുകളും പയറ്റാൻ തന്നെയാണ് സ്ഥാനാർത്ഥികളും നേതൃത്വവും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

റിബൽ ഭീഷണി ഒഴിവാക്കി എല്ലാ സീറ്റുകളിലും വിജയ സാധ്യതയുള്ള  സ്ഥാനാർത്ഥികളെ കണ്ടെത്താൻ മുന്നണികൾക്ക്  സാധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭക്കകത്തും,  അജാനൂർ പഞ്ചായത്തിലും ഇത്തവണ മൽസരം കടുക്കും. കാഞ്ഞങ്ങാട് നഗരഭരണം നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ഇടതുമുന്നണി. നഗരഭരണം തിരിച്ചു പിടിച്ചില്ലെങ്കിൽ,  പാർട്ടിക്കുണ്ടാകുന്ന ക്ഷീണം ചെറുതല്ലെന്ന് അറിയാവുന്ന മുസ്ലീം ലീഗും,  കോൺഗ്രസ്സും  തങ്ങൾക്ക് സാധ്യത കൽപ്പിക്കുന്ന വാർഡുകളിൽ കാടിളക്കിയുള്ള പ്രചരണത്തിലാണ്.

കാലാകാലങ്ങളിൽ റിബൽ ശല്യവും,  തൊഴുത്തിൽ കുത്തും മൂലം സ്ഥാനാർത്ഥി നിർണ്ണയം പൊട്ടിത്തെറിയിൽ അവസാനിപ്പിച്ചിരുന്ന കോൺഗ്രസ്സിന് ഇത്തവണ നേരത്തെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനായി. ഇതാകട്ടെ യുഡിഎഫിന് പുത്തനുണർവായി.

മുസ്ലീം ലീഗിൽ ഉയർന്ന തർക്കം അവസാന നിമിഷം വരെ യുഡിഎഫിന് തലവേദനയായിരുന്നു. മുസ്ലീം ലീഗ് ജില്ലാ പാർലിമെന്റ് കമ്മിറ്റി ഇടപെട്ട് തർക്കം പരിഹരിക്കാനായത് ലീഗിന് ആശ്വാസമായി. സിറ്റിംഗ് വാർഡുകൾ നിലനിർത്തുന്നതോടൊപ്പം, കഴിഞ്ഞ തവണ നഷ്ടപ്പെട്ട വാർഡുകൾ തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ കാഞ്ഞങ്ങാട് ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.

തൊഴുത്തിൽകുത്ത് മൂലം കോൺഗ്രസ്സ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിട്ടു കളഞ്ഞ വാർഡുകൾ കൂടി തിരിച്ചു പിടിച്ചാൽ,  നഗരഭരണം ഒപ്പമെത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കാഞ്ഞങ്ങാടിന്റേതിന് സമാന സാഹചര്യമാണ് അജാനൂർ പഞ്ചായത്തിലുള്ളത്.  യുഡിഎഫ് ഭരണം അട്ടിമറിച്ച് കഴിഞ്ഞ തവണ എൽഡിഎഫ് അജാനൂർ പഞ്ചായത്തിൽ ഭരണം പിടിക്കുകയായിരുന്നു. ഭരണം നിനിർത്താൻ എൽഡിഎഫും,  തിരിച്ചു പിടിക്കാൻ യുഡിഎഫും അജാനൂരിൽ കടുത്ത പോരാട്ടം തന്നെ നടത്തും.

LatestDaily

Read Previous

മുസ്ലീം ലീഗിന് മൂന്ന് വാർഡുകളിൽ റിബൽ

Read Next

ലൈൻമാൻ കുഴഞ്ഞ് വീണ് മരിച്ചു