ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നിലാങ്കര 18-ാം വാർഡിൽ കെ. കെ. ഇസ്മയിൽ പത്രിക നൽകി
കാഞ്ഞങ്ങാട്: 16 വാർഡുകളിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ മുസ്ലീം ലീഗിന് മൂന്ന് വാർഡുകളിൽ റിബൽ ഭീഷണി. ലീഗിലെ സി. കെ. അഷ്റഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ബാവനഗർ വാർഡ് 37-ൽ എം. ഇബ്രാഹിം ലീഗ് റിബൽ സ്ഥാനാർത്ഥിയാവും. നിലാങ്കര വാർഡ് 18-ൽ റിട്ട, എക്സൈസ് ജീവനക്കാരൻ അസീസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ആറങ്ങാടിയിലെ കെ. കെ. ഇസ്മയിൽ റിബൽ സ്ഥാനാർത്ഥിയായി 18-ാം വാർഡിൽ പത്രിക സമർപ്പിച്ചു.
ഇന്ന് രാവിലെ ലീഗ് പ്രവർത്തകർക്കൊപ്പം നഗരസഭയിലെത്തിയാണ് ഇസ്മയിൽ വരണാധികാരിക്ക് പത്രിക നൽകിയത്. മുസ്ലീം ലീഗ് ആറങ്ങാടി വാർഡ് പ്രസിഡണ്ടും മുൻസിപ്പൽ സിക്രട്ടറിയുമാണ് ഇസ്മയിൽ. ഇസ്മയിലിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു തീരുമാനമെങ്കിലും, തർക്കമുണ്ടായതോടെ തീരുമാനം പാർട്ടി ജില്ലാക്കമ്മിറ്റിക്ക് വിട്ടു.
ജില്ലാക്കമ്മിറ്റി തീരുമാനം ഇന്നലെ രാത്രിയുണ്ടായതോടെയാണ് ഇബ്രാഹിമും ഇസ്മയിലും സ്ഥാനാർത്ഥിയായി മൽസരിക്കാൻ തീരുമാനിച്ചത്. നാളെ പത്രിക സമർപ്പിക്കുമെന്ന് ഇബ്രാഹിം പറഞ്ഞു. മുസ്ലീം ലീഗ് കാസർകോട് ജില്ലാ വർക്കിംഗ് കമ്മിറ്റിയംഗമായ ഇബ്രാഹിം പഴയകാല ലീഗ് പ്രവർത്തകരിൽ പ്രമുഖനാണ്. നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാരൻ റിയാസിന്റെ ഭാര്യ സീനത്ത് മൽസരിക്കുന്ന വാർഡ് 35-ൽ, 37-ൽ നിലവിലുള്ള ലീഗ് കൗൺസിലർ പി. ഖദീജാഹമീദ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കാൻ സാധ്യതയുണ്ട്.