മോഷ്ടിച്ച വാഹനത്തിലെത്തി മൊബൈൽ ഫോൺ കവർന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മോഷ്ടിച്ച വാഹനത്തിലെത്തി പാലക്കുന്നിൽ അധ്യാപികയുടെ മൊബൈൽ ഫോൺ കവർന്ന രണ്ടംഗ സംഘം വാഹനമുപേക്ഷിച്ച് രക്ഷപ്പട്ടു. ഇന്നലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിക്കപ്പെട്ട സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘമാണ് ഇന്നലെ വൈകുന്നേരം 4-20ന് പാലക്കുന്ന് കോട്ടിക്കുളത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന അധ്യാപികയുടെ മൊബൈൽ ഫോൺ പിടിച്ച് പറിച്ച് രക്ഷപ്പെട്ടത്.

ചെമ്മട്ടംവയൽ തോയമ്മലിലെ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൾ അസീസിന്റെ 36, ഉടമസ്ഥതയിലുള്ള കെ.എൽ 60 ഡി 7184 നമ്പർ സ്കൂട്ടിയാണ് ഇന്നലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്ഥലത്ത് നിന്നും കാണാതായത്. കാഞ്ഞങ്ങാട്ട് നിന്നും ഇൗ വാഹനം മോഷ്ടിച്ച സംഘമാണ് പാലക്കുന്നിൽ ഇളമ്പച്ചി കാരോളം മേനോക്കിൽ പുതിയപുരയിൽ ഹൗസിൽ ബാബുരാജിന്റെ  ഭാര്യയും പാലക്കുന്നിൽ അധ്യാപികയുമായ  പി.പി. ഷൈമയുടെ 40, 15,500 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ച് പറിച്ച് രക്ഷപ്പെട്ടത്.

ഷൈമ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ സ്കൂട്ടിയിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വാഹനം പിന്നീട് ബേക്കൽ കോട്ടക്കുന്നിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. വാഹനം മോഷ്ടിച്ചതിന് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലും അധ്യാപികയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ബേക്കൽ പോലീസിലും രണ്ടംഗ മോഷണ സംഘത്തിനെതിരെ കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പോലീസ് നീരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

LatestDaily

Read Previous

പനി ബാധിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു

Read Next

ഇ. മണൽ സംവിധാനം മണൽമാഫിയ കയ്യടക്കി