ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയിൽ ഉദരത്തിൽ രണ്ടിടത്ത് കുടൽ മുറിഞ്ഞുപോയ യുവതി സ്വകാര്യാശുപത്രി ഡോക്ടർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങി. അജാനൂരിലെ സ്വകാര്യാശുപത്രിയിലാണ് ഇരുപത്തിയഞ്ചുകാരി യുവതിയുടെ ജീവിതം തന്നെ ചോദ്യചിഹ്നമാക്കി മാറ്റിയ പ്രസവ ശസ്ത്രക്രിയയിൽ ഡോക്ടർമാരുടെ ഉദാസീനതയും കൈപ്പിഴയും അതിരുകടന്നത്.
അജാനൂർ പള്ളോട്ട് സ്വദേശിനിയായ യുവതിയുടെ ഭർതൃഗൃഹം പയ്യന്നൂരിലാണ്. കടിഞ്ഞൂൽ പ്രസവ ചികിത്സയ്ക്ക് അജാനൂരിലെ സ്വകാര്യാശുപത്രിയിലെത്തിയ യുവതിയെ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയാണ് ആൺകുഞ്ഞിനെ പുറത്തെടുത്തത്.
സിസേറിയൻ കഴിഞ്ഞ അന്നു തന്നെ യുവതിക്ക് ഉദരത്തിൽ അതികഠിനമായ വേദന അനുഭവപ്പെട്ടു. സിസേറിയൻ നടത്തിയ ഗർഭാശയ രോഗ വിദഗ്ധന് പറ്റിയ കൈപ്പിഴയാണ് ഉദരത്തിലുണ്ടായ അസഹ്യമായ വേദനയെന്ന് മനസ്സിലാക്കിയ യുവതിയുടെ ബന്ധുക്കൾ ഡോക്ടറോട് മുഖം കറുപ്പിച്ചപ്പോൾ, വീണ്ടുമൊരു ചെറിയ ശസ്ത്രക്രിയയിൽ വേദന മാറ്റിയെടുക്കാമെന്ന് പറഞ്ഞ് സ്കാനിംഗിന് വിധേയമാക്കാതെ യുവതിയെ ഇതേ ആശുപത്രിയിൽ മൂന്നാം നാൾ സർജൻ വീണ്ടും ഉദരം കീറി മുറിച്ചുള്ള ശസ്ത്രക്രിയ നടത്തി.
ഈ ശസ്ത്രക്രിയയിലും വൻ കൈപ്പിഴ സംഭവിച്ചതിനെതുടർന്ന് യുവതി തീർത്തും അവശയായി. രണ്ട് ശസ്ത്രക്രിയകൾ 4 നാൾക്കകം നടത്തിയിട്ടും ഉദര വേദന കൂടിയതല്ലാതെ കുറഞ്ഞില്ല. സ്വന്തം കുഞ്ഞിന് മുലയൂട്ടാൻ പോലും കഴിയാതെ അബോധ നിലയിൽ ഉദരത്തിലുണ്ടായ വേദന കടിച്ചമർത്തി ദിവസങ്ങൾ തള്ളി നീക്കിയ യുവതിയെ ബന്ധുക്കൾ കണ്ണൂർ മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും യുവതി മരണവക്ത്രത്തിലെത്തിയിരുന്നു.
മിംമ്സിൽ മൂന്നാമതും ഉദരം തുറന്ന് നടത്തിയ ശസ്ത്രക്രിയയിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ സിസേറിയൻ നടത്തിയ ഡോക്ടർക്കും പിന്നീട് രണ്ടാമത് ഉദരം തുറന്ന ഡോക്ടർക്കും സംഭവിച്ച കൈപ്പിഴ നൂറുശതമാനം പുറത്തു വന്നു. കുടലുകളിലുണ്ടായ മുറിവും, ദ്വാരവും മിംസ് ആശുപത്രിയിൽ കണ്ടെത്തുകയും ചെയ്തു കഴിഞ്ഞ 2 മാസക്കാലമായി ജീവിതം നോക്കുകുത്തിയായി സ്വന്തം വീട്ടിൽക്കഴിയുന്ന യുവതിയുടെ ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ ഗർഭാശയരോഗ വിദഗ്ധനെയും, മുറിഞ്ഞ കുടൽ ശരിയാക്കാമെന്ന് മോഹിപ്പിച്ച് വീണ്ടും യുവതിയുടെ ഉദരം കീറിമുറിച്ച കർണ്ണാടക സർജ്ജനെതിരെയും ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇരു ഡോക്ടർമാരെയും പ്രതിചേർത്ത് കേസ്സെടുക്കുന്നതിന് മുമ്പ് സർക്കാർ ഡോകടർമാരായ മൂന്നംഗ മെഡിക്കൽ സംഘം യുവതിയുടെ മെഡിക്കൽ രേഖകൾ കൂലംകഷമായി പരിശോധിച്ചു വരികയാണ്. മെഡിക്കൽ റിപ്പോർട്ട് കിട്ടിയാലുടൻ ഡോക്ടർമാരെ പ്രതിചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്തേക്കും. സംസ്ഥാന ആരോഗ്യ മന്ത്രി സംഭവത്തിലിടപെട്ടിട്ടുണ്ട്.