അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ കണ്ണി ബേക്കൽ പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ

ബേക്കൽ : അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ നൈജീരിയൻ സ്വദേശി ബേക്കൽ പോലീസിന്റെ പിടിയിൽ. ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിനും സംഘവുമാണ് പ്രതിയെ ബംഗളൂരുവിൽ നിന്നും പിടികൂടിയത്.

ഏപ്രിൽ 22-ന് ബേക്കൽ പോലീസ് നാലംഗ സംഘത്തെ 153 ഗ്രാം എംഡിഎംഏയുമായി പിടികൂടിയിരുന്നു. പ്രസ്തുത സംഘത്തിന് ബംഗളൂരുവിൽ മയക്കുമരുന്ന് കൈമാറിയത് നൈജീരിയൻ സ്വദേശിയായ മോസസ് മോൻഡെയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ്സിന്റെ തുടരന്വേഷണത്തിനിടെയാണ് മോസസ് മോൻഡെ 37, ബംഗളൂരുവിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് വിവരം ലഭിച്ചത്.

അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പോലീസ് ബംഗളൂരുവിലെത്തിയത്. നൈജീരിയൻ സ്വദേശിയുടെ വാട്സ്ആപ്പ് നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ചട്ടഞ്ചാലിലെ അബൂബക്കർ 37, ഭാര്യ ആമിന അസ്റ 23, കർണ്ണാടക സ്വദേശികളായ വാസിം 32, സൂരജ് 31, എന്നിവരെയാണ് ഏപ്രിൽ 22-ന് ബേക്കൽ പോലീസ് 153 ഗ്രാം എംഡിഎംഏയുമായി പിടികൂടിയത്.

ഇവർക്ക് മയക്കുമരുന്നെത്തിച്ചയാളാണ് നൈജീരിയൻ പൗരനായ മോസസ് മോൺഡെ. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണ് നൈജീരിയൻ പൗരനെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്., ബംഗളൂരുവിൽ നിന്നാണ് കാസർകോട് ജില്ലയിലേക്കും കേരളത്തിന്റെ മറ്റ് ജില്ലകളിലേക്കും എംഡി എംഏ രാസ ലഹരി മരുന്നെത്തുന്നത്. കൊക്കെയ്ൻ കടത്തിയതിന് മോസസ് മൊണ്ടയ്ക്കെതിരെ ബംഗളൂരുവിൽ കേസ് നിലവിലുണ്ട്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് രണ്ടാം കലാപം ഒഴിവായത് പോലീസ് ജാഗ്രതയിൽ

Read Next

കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം ഞെരിക്കുന്നു