ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: കെ. റെയിലിന് പകരം ബദൽപാത നിർദ്ദേശം വെച്ച് ചർച്ചയാക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ ദൽഹി പ്രതിനിധി കെ.വി. തോമസിന്റെ ഇടപെടൽ ചർച്ചയാക്കുന്നതിന് പിന്നിൽ നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാരോപിച്ച് പ്രതിപക്ഷം. കേന്ദ്ര സർക്കാറിനെ സമീപിക്കാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് കേരളത്തിലെ പ്രതിപക്ഷം ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഇ. ശ്രീധരനുമായുള്ള രാഷ്ട്രീയ ശത്രുത മറന്ന് സർക്കാർ പ്രതിനിധി കെ.വി. തോമസ് കൂടിക്കാഴ്ച നടത്തിയതും 24 മണിക്കൂറിനകം ശ്രീധരൻ പദ്ധതി രേഖ കൈമാറിയതും ഇതിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചതും ദൽഹിയിൽ നടന്ന ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പോർമുഖം തുറക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളും യുഡിഎഫ് ഘടകങ്ങളും വിഷയത്തിൽ പ്രതികരിച്ചത് വരാനിരിക്കുന്ന കടുത്ത പ്രതിഷേധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കെ റെയിൽ പദ്ധതിക്ക് ജർമ്മനി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വായ്പയാണ് മൂലധന സ്രോതസ്. പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതിയായതിനാൽ വായ്പാ സാധ്യതയില്ലെന്നാണ് ശ്രീധരൻ പറയുന്നത്. ഈ സാഹചര്യത്തിൽ ഭൂമിയേറ്റെടുക്കുന്നത് താരതമ്യേന കുറവ് വരുന്ന ഭൂഗർഭ പാതയായും തൂണുകളിൽ നിർത്തുന്ന ആകാശപാതയായും പദ്ധതി മാറ്റിയാണ് ശ്രീധരൻ ബദൽപാത നിർദ്ദേശം സമർപ്പിച്ചത്.
കെ റെയിൽ പദ്ധതിയുടെ തുടക്കത്തിൽ തന്നെ ശാസ്ത്ര സാഹിത്യ പരിഷത്തടക്കം സംഘടനകളും പരിസ്ഥിതി ശാസ്ത്രജ്ഞരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും സർക്കാർ മുഖവിലക്കെടുത്തിരുന്നില്ല. വലിയ ഭിന്നതയുണ്ടായിരുന്ന വിഷയത്തിലാണ് അപ്രതീക്ഷിത കൂടിക്കാഴ്ചയും മണിക്കൂറുകൾക്കകം ബദൽ പാത നിർദ്ദേശ സമർപ്പണവുമുണ്ടായത്. ബദൽപാത നിർദ്ദേശത്തിന്റെ സുചനകൾ നൽകി മുഖ്യമന്ത്രിയും സംസ്താന സർക്കാറും തന്നെയാണ് ചർച്ചകൾക്ക് വഴി തുറന്നത്. ബദൽപാത നിർദ്ദേശം സിപിഎം- ബിജെപി ഡീലാണെന്നായിരുന്നു ഏഐസിസി ജനറൽ സിക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. ബദൽപാതക്ക് പദ്ധതിയൊരുക്കാനുള്ള സർക്കാർ നീക്കങ്ങളിൽ സംശയാസ്പദമാണെന്നാണ് കെ. മുരളീധരൻ എം.പി. പറയുന്നത്.
ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം കെ.വി. തോമസിനെ ദല്ലാളാക്കിയെന്നായിരുന്നു സിപിഎം സഹയാത്രികനായി കോൺഗ്രസിൽ തിരിച്ചെത്തിയ മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം. കെ.വി. തോമസിലൂടെ ബിജെപിയിലേക്കടുക്കുന്ന സിപിഎം നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിച്ച് നേട്ടം കൊയ്യാനുള്ള കോൺഗ്രസ് നീക്കങ്ങൾ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വിവാദങ്ങൾ കൊഴുപ്പിക്കും