കോൺഗ്രസ്സ് പത്രികാ സമർപ്പണം ബുധനാഴ്ച ലീഗിൽ മൂന്ന് സീറ്റിൽ തർക്കം∙ മൂന്ന് സീറ്റ് ഒഴിച്ചിട്ട് സിപിഎം

കാഞ്ഞങ്ങാട്: നഗരസഭയിൽ കോൺഗ്രസ്സിന്റെ എല്ലാ സ്ഥാനാർത്ഥികളും ബുധനാഴ്ചക്കകം വരണാധികാരികൾക്ക് പത്രികാസമർപ്പണം പൂർത്തിയാക്കും.
26 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ്സിന് 16 വാർഡുകളിൽ തർക്കം പരിഹരിച്ച് ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായത് നേട്ടമായി. അവശേഷിക്കുന്ന പത്ത് വാർഡുകളിൽ വിജയ സാധ്യതയുള്ള ഏതാനും വാർഡുകളിലാണ് ഒന്നിൽ കൂടുതൽ പേർ മത്സര രംഗത്തുള്ളത്.

തർക്ക വാർഡുകളിൽ നാളയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകുമെന്ന് മുൻ നഗരസഭാ ചെയർമാനും യുഡിഎഫ് തിരഞ്ഞെടുപ്പ് നിർണ്ണയ കമ്മിറ്റിയംഗവുമായ വി. ഗോപി പറഞ്ഞു. നഗരഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ്സ് ഒറ്റക്കെട്ടായി സ്ഥാനാർത്ഥി നിർണ്ണയം ഇനി പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 3,4,5,6,20,21,22,23,24,25 വാർഡുകളിലാണ് കോൺഗ്രസ്സിന് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനുള്ളത്.

അതിയാമ്പൂർ 42-ാം വാർഡിൽ കഴിഞ്ഞ തവണ സിഎംപി സ്ഥാനാർത്ഥിയാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇത്തവണ സീറ്റ് ആവശ്യമില്ലെന്ന് സിഎംപി നേതൃത്വം കോൺഗ്രസ്സിനെ അറിയിച്ചു. അങ്ങിനെയെങ്കിൽ, അതിയാമ്പൂർ വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാവും മത്സരിക്കുക. കാഞ്ഞങ്ങാട് നഗരസഭാ വാർഡുകളിൽ മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ എണ്ണം ഇതോടെ 27 ആകും.

16 വാർഡുകളിൽ മത്സരിക്കുന്ന മുസ്്ലീം ലീഗ് മൂന്ന് സീറ്റുകളിൽ പ്രശ്നം പരിഹരിക്കാനാവാതെ തർക്കം തുടരുകയാണ്. 37 ബാവനഗർ, 35 പട്ടേക്കാൽ, 18 നിലാങ്കര വാർഡുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഇനിയും ലീഗിനായിട്ടില്ല. സി.കെ. അഷ്റഫിനെ ബാവനഗറിലും, നഗരസഭാ ജീവനക്കാരൻ റിയാസിന്റെ ഭാര്യ സീനത്തിനെ 35-ാം വാർഡിലും, നിലാങ്കര വാർഡിൽ ടി. റംസാനും സ്ഥാനാർത്ഥിയാകാൻ ഔദ്യോഗിക പക്ഷം തത്വത്തിൽ തീരുമാനമെടുത്തുവെങ്കിലും, എതിർപ്പ് രൂക്ഷമായത് മൂലം ഇവരുടെ പേരുകൾ പ്രഖ്യാപിക്കാനായില്ല.

നിലാങ്കരയിൽ ടി. റംസാന് പകരം റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ അസീസിനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ ഒരു വിഭാഗം ലീഗണികൾ ഉറച്ചുനിൽക്കുകയാണ്.  ബിജെപിക്ക് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനായിട്ടില്ല. സ്ഥാനാർത്ഥിയെ ചൊല്ലി വാർഡുകളിൽ ചിലതിൽ നിലനിൽക്കുന്ന തർക്കത്തിന് പരിഹാരം കാണാൻ ബിജെപി നേതൃത്വത്തിനും കഴിഞ്ഞില്ല. സിപിഎമ്മിൽ ചുരുക്കം ചില വാർഡുകളിലൊഴികെ സ്ഥാനാർത്ഥി നിർണ്ണയം അന്തിമമാണ്. മുസ്്ലീം ലീഗിന് സ്ഥാനാർത്ഥികളാവാത്ത മൂന്ന് വാർഡുകൾ സിപിഎം ഒഴിച്ചിട്ടിരിക്കുകയാണ്.

ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം മാത്രമേ ഈ വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളു. ലീഗ് സീറ്റ് നിഷേധിച്ച ചിലർ ചില വാർഡുകളിലെങ്കിലും സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികളാകാൻ സാധ്യതയുണ്ട്.
സിപിഐക്ക് തങ്ങളുടെ രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. സ്ഥാനാർഥി നിർണ്ണയം അന്തിമമാക്കാനാവാത്തതാണ് പ്രഖ്യാപനം നീളുന്നതിന് കാരണം.

ഡിവൈഎഫ്ഐ നേതാവ് പി.കെ. നിഷാന്തിന് മത്സരിക്കാൻ വാർഡ് ലഭിക്കാതെ പോയത് സിപിഎമ്മിന് ക്ഷീണമായി. സിപിഎം ഏരിയാ കമ്മിറ്റി നാല് വാർഡുകളിൽ മാറി മാറി നിഷാന്തിന്റെ പേര് നിർദ്ദേശിച്ചിട്ടും, ഒരു വാർഡിലും മത്സരിക്കാൻ പ്രാദേശിക നേതൃത്വം സമ്മതം മൂളാത്തതാണ് പാർട്ടി നേതൃത്വത്തിന് തിരിച്ചടിയായത്.

LatestDaily

Read Previous

പ്രഭാവതി സിപിഐ സ്ഥാനാർത്ഥി

Read Next

പ്രസവ ശസ്ത്രക്രിയയിൽ കുടൽ മുറിഞ്ഞ യുവതി നിയമ നടപടിക്ക്