ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
ബേക്കൽ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി അബ്ദുൾ ഗഫൂർ ഹാജിയുടെ 55, ദുരൂഹ മരണത്തിന്റെ ചുരുളുകൾ നിവർത്താനുള്ള പോലീസിന്റെ തീവ്രശ്രമങ്ങളെല്ലാം പരാജയപ്പെട്ടു കിടക്കുമ്പോൾ, ഹാജിയുടെ വീട്ടിൽ നിന്ന് കാണാതായ 600 പവൻ സ്വർണ്ണാഭരണങ്ങൾ കണ്ടെത്താൻ, പോലീസ് ജിന്ന് യുവതിയെ നുണപ്പരിശോധനയ്ക്ക് വിധേയമാക്കാൻ നടപടികൾ ആരംഭിച്ചു.
ഉദുമ മാങ്ങാട് കൂളിക്കുന്നിൽ താമസിക്കുന്ന ജിന്ന് യുവതി ഷെമീമയെ 35, നുണപ്പരിശോധനയ്ക്ക് വിധേയയാക്കാൻ കേസ്സന്വേഷണ സംഘം കാഞ്ഞങ്ങാട് ആർഡിഒ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജിന്ന് യുവതിയെ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ തുടർച്ചയായി പോലീസ് രഹസ്യ കേന്ദ്രത്തിൽ നിരന്തരം ചോദ്യം ചെയ്തുവെങ്കിലും, ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്ന് കാണാതായ 600 പവൻ ഉദ്ദേശം മൂന്നരക്കോടി രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ജിന്നിന്റെ കടുത്ത നിലപാട്.
600 പവൻ സ്വർണ്ണം ഹാജിയുടെ വീട്ടിൽ നിന്ന് ഒറ്റയടിക്ക് നഷ്ടപ്പെട്ടതല്ലെന്ന് ഹാജിയുടെ വീട്ടുകാർ പറയുന്നുണ്ട്. ഹാജിയും ജിന്ന് യുവതിയും അടുത്ത കാലത്താണ് ഏറെ അടുത്തത്. ഹാജിയുടെ ഭാര്യയെയും ഇതര ബന്ധുക്കളെയും ചികിത്സിക്കാനാണ് ജിന്ന് യുവതി ഹാജിയുടെ വീട്ടിലെത്തിയത്. പിന്നീട് ഈ ബന്ധം ഹാജിയിലേക്ക് അടുപ്പിക്കുകയായിരുന്നു ജിന്ന്. സ്വർണ്ണം പോയത് പലപ്പോഴായിട്ടാണെന്ന സൂചന ഹാജിയുടെ ബന്ധുക്കളിൽ നിന്ന് ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്.
ജിന്നിനെ നുണപ്പരിശോധന നടത്തിയാൽ മനസ്സിന്റെ അറയിൽ ഒളിപ്പിച്ചുവെച്ചിട്ടുള്ള സത്യങ്ങൾ പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് അന്വേഷണ സംഘം. മൃതദേഹം കബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിട്ടും, ഗഫൂർ ഹാജി എങ്ങനെ മരിച്ചുവെന്നതിന് യാതൊരു തെളിവും ഇനിയും ലഭിച്ചിട്ടില്ല.