വ്യാപാരി സംഘടനയിൽ വ്യാപാരികളല്ലാത്തവർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വ്യാപാരി സംഘടനയിൽ വ്യാപാരികളല്ലാത്തവർ പലരും അംഗങ്ങളായി പ്രവർത്തിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള കാഞ്ഞങ്ങാട് യൂനിറ്റിലാണ് നിലവിൽ വ്യാപാര സ്ഥാപന ഉടമ കളല്ലാത്തവർ  അംഗങ്ങളായി പ്രവർത്തിച്ചു വരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനം നൽകുന്ന വ്യാപാര ലൈസൻസിന്റെ പകർപ്പ് ഹാജരാക്കിയാണ് സാധാരണയായി വ്യാപാരികൾ സംഘടനയിൽ അംഗത്വമെടുക്കുന്നത്.

അംഗത്വമെടുത്തവർക്ക് ദീർഘകാല വ്യക്തിഗത വായ്പ്പകളും ഇൻഷൂറൻസ് പരിരക്ഷയും ചിട്ടികളിൽ വരിക്കാരനാകുന്നതുൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളും വ്യാപാരി സംഘടന നൽകിവരുന്നുണ്ട്. അതിനാൽ പേരിനൊരു വ്യാപാരം നടത്തിയാണ് ഇത്തരം ആനുകൂല്യങ്ങൾ ചിലർ അവിഹിതമായി കൈവശപ്പെടുത്തി വരുന്നത്. ഇക്കഴിഞ്ഞ വ്യാപാരി സംഘടന തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതിക്കെതിരെ ഉയർന്ന ചില ആരോപണങ്ങൾ സംഘടനക്കകത്ത് നിന്ന് തന്നെ ഉയർന്നത് വിവാദമായിരുന്നു.

ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിക്കാൻ സംഘടനയിൽ നിന്ന് തന്നെ ഒരു വിഭാഗം തെരുവിലിറങ്ങിയത് കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു. വ്യാപാരി സമൂഹത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതികൾ നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച സംഘടന കോടികളുടെ ചിട്ടി നടത്തിപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലാതെ, കാഞ്ഞങ്ങാട്ടെ വ്യാപാരികൾ അഭിമൂഖീകരിച്ചുവരുന്ന പ്രധാന പ്രശ്നങ്ങളുടെ രക്ഷക്കെത്തുന്നില്ലെന്നാണ് ഒരു വിഭാഗം വ്യാപാരികൾ ആരോപിക്കുന്നത്.

കെഎസ്ടിപി റോഡ് നിർമ്മാണം പൂർത്തിയായ ശേഷം നഗരത്തിൽ തലതിരിഞ്ഞ ട്രാഫിക്ക് പരിഷ്ക്കരണം നടപ്പിലാക്കിയത് മൂലം ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. കാഞ്ഞങ്ങാട്ടെത്തുന്ന വാഹനങ്ങൾ കിലോമീറ്ററോളം സഞ്ചരിച്ച് തിരിച്ചു വരുന്നത് വാഹന ഉടമകൾക്ക് ഇന്ധനവും ഉപഭോക്താക്കൾക്ക് വ്യാപാര സ്ഥാപനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനുള്ള   സൗകര്യങ്ങളുമാണ്  നഷ്ടപ്പെടുത്തിയത്.

വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെത്തുന്ന വാഹനങ്ങൾ ഒരു നിമിഷം കടക്ക് മുന്നിൽ നിർത്തിയിട്ടാൽ പോലീസ് പിഴയടക്കാനുള്ള സ്റ്റിക്കർ പതിക്കുന്നത് കാരണം ഉപഭോക്താക്കൾ അടുത്ത പട്ടണത്തിലേക്ക് പോകുന്നത് കാഞ്ഞങ്ങാട്ടെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. അതിനിടെ നഗരസഭ ആരോഗ്യവിഭാഗം പ്ലാസ്റ്റിക്ക് നിരോധനത്തിന്റെയും മാലിന്യ നിർമ്മാർജ്ജനത്തിന്റെയും പേര് പറഞ്ഞ് അകാരണമായി വ്യാപാര സ്ഥാപനങ്ങളിൽ കയറി പിഴ ചുമത്തുന്നതുൾപ്പെടെയുള്ള വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ പോരാട്ടം നടത്തേണ്ട വ്യാപാരി സംഘടനാ നേതാക്കൾ ഇന്ന് കാഴ്ചക്കാരാണ്.

വ്യാപാരികളെ ദ്രോഹിക്കുന്ന അന്യായ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കാനോ വ്യാപാരി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുവാനോ സമീപ കാലത്തായി സംഘടന മുന്നോട്ട് വരാറില്ല. ഈ  ആക്ഷേപം സംഘടനയിൽ  ഇപ്പോൾ വ്യാപകമായുണ്ട്.

LatestDaily

Read Previous

മംഗളയുടെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല

Read Next

എം.സി.ഖമറുദ്ദീൻ മുസ്ലീം ലീഗ്  സംസ്ഥാന കമ്മിറ്റിയിൽ, അമ്പരപ്പ് വിട്ടുമാറാതെ ലീഗണികൾ