ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : സിപിഎമ്മുമായി ഉടക്കി 38 വർഷം മുമ്പ് സിഎംപി പാർട്ടി രൂപീകരിച്ച എം.വി. രാഘവൻ അന്നുന്നയിച്ച ബദൽ രേഖയ്ക്ക് സമാനമായ വഴിയിലൂടെയാണ് ഇപ്പോൾ സിപിഎം എത്തിനിൽക്കുന്നത്. സിഎംപി നാലുപതിറ്റാണ്ടിലേക്ക് അടുക്കുമ്പോൾ ഇടതുമുന്നണിയിലേക്ക് കേരള കോൺഗ്രസിനെ സ്വീകരിക്കുകയും ഇടതുമന്ത്രിസഭയിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്ത സിപിഎം ഇപ്പോൾ മുസ്്ലീം ലീഗിനെ ഇടതുമുന്നണിയിലേക്കടുപ്പിക്കാനുള്ള തിടുക്കത്തിലാണ്.
1985 നവമ്പർ 20 മുതൽ 24 വരെ എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയത്തോട് വിയോജിച്ച് എം.വി. രാഘവന്റെ നേതൃത്വത്തിൽ മുന്നോട്ട് വെച്ച വിയോജനക്കുറിപ്പാണ് ബദൽ രേഖയെന്ന പേരിൽ അന്ന് അറിയപ്പെട്ടത്. ജാതി –മത ശക്തികളുമായി ഒരുവിധ സഖ്യവും പാടില്ലെന്ന സിപിഎം പതിനൊന്നാം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തെ തള്ളി കേരള കോൺഗ്രസിനെയും മുസ്്ലീം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടു വരണമെന്നാവശ്യപ്പെടുന്നതായിരുന്നു എം.വി. രാഘവന്റെ അന്നത്തെ ബദൽ രേഖ.
സംസ്ഥാന സമ്മേളനം ബദൽ രേഖ പാടെ തള്ളിക്കളഞ്ഞെങ്കിലും,കേരള രാഷ്ട്രീയത്തെ അത് പിടിച്ച് കുലുക്കി. ബദൽ രേഖയ്ക്ക് മുൻകൈയ്യെടുത്ത എം.വി. രാഘവൻ ഉൾപ്പെടെ പ്രമുഖരെ സിപിഎം ഒരു വർഷത്തേക്ക് പുറത്താക്കി. തുടർന്ന് 1986 ജൂലായ് 27–നാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(സിഎംപി) എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എം.വി. രാഘവനും കൂട്ടരും യുഡിഎഫിന്റെ ഭാഗമായതും, സിപിഎമ്മുമായി പോരടിച്ചതും കേരള രാഷ്ട്രീയത്തിലെ അത്യപൂർവ്വമായ അധ്യായമായിരുന്നു.
മറവി രോഗം ബാധിച്ച അവസാന കാലത്ത് എം.വി. രാഘവനോടുള്ള ശത്രുത വെടിഞ്ഞ സിപിഎം ഇപ്പോൾ എം.വി. രാഘവൻ അന്നുന്നയിച്ച ബദൽ രേഖയുടെ വക്താക്കളായി മാറുകയാണ്. നിയമ സഭയിലുൾപ്പെടെ എം.വി. രാഘവൻ അക്രമിക്കപ്പെട്ടതുൾപ്പടെയുള്ള സംഭവങ്ങൾ ഇന്ന് സിപിഎമ്മിന് ഓർക്കാൻ പോലും പ്രയാസമുണ്ടാകും. അന്ന് എം.വി. രാഘവനെ കൈകാര്യം െചയ്തതിന് മാപ്പു പറയാനുള്ള മര്യാദയെങ്കിലും, സിപിഎം ഇപ്പോൾ കാണിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
എന്നാൽ സിപിഎം ഇപ്പോഴും ബദൽ രേഖയിലെത്തിയിട്ടില്ലെന്നാണ് സിഎംപി ജനറൽ സിക്രട്ടറി സി.പി. ജോൺ അഭിപ്രായപ്പെട്ടത്. ബദൽ രേഖക്കൊപ്പം നിന്ന് രാഘവനൊപ്പം സിപിഎമ്മിൽ നിന്ന് പുറത്ത് ചാടിയ ആളാണ് സി.പി. ജോൺ. ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം നിലപാട് ബദൽ രേഖയല്ല. മറിച്ച് അവസരവാദ രാഷ്ട്രീയമാണെന്നാണ് ജോണിന്റെ പക്ഷം. ബദൽ രേഖയിലൂടെ എം.വി.ആർ അന്ന് ഉന്നയിച്ചത്. സിപിഎമ്മിന്റെ 64–ലെ പാർട്ടി പദ്ധതിയുടെ അന്തഃസത്തയാണ്.
കലവറയില്ലാതെ ന്യൂനപക്ഷങ്ങളോടും പിന്നോക്ക വിഭാഗങ്ങളോടും നിൽക്കുകയെന്നതായിരുന്നു ബദൽ രേഖയുടെ അന്തഃസത്ത. എന്നാൽ തരംതരം ചീട്ടുകൾ മേശപ്പുറത്തിട്ട് പൊളിറ്റിക്കൽ റമ്മിയാണ് സിപിഎം കളിക്കുന്നതെന്നും ജോൺ അഭിപ്രായപ്പെടുന്നു. ആവശ്യം വരുമ്പോൾ ന്യൂനപക്ഷ പ്രേമം നടിക്കലും കുറച്ച് കഴിയുമ്പോൾ ഭൂരിപക്ഷ വർഗ്ഗീയത ശക്തിപ്പെടുത്തുകയുമാണ് സിപിഎം ഇപ്പോൾ ചെയ്യുന്നത്. ഏക സിവിൽ കോഡ് വാദത്തിന്റെ പിതാവ് ഇ.എം.എസ്സാണ്. ഷാബാനു കേസിനും മുമ്പേ ഏകസിവൽ കോഡിന്റെ മുദ്രാവാക്യം ഉയർത്തിയത് ഇഎഎസ്സായിരുന്നുവെന്ന് സിഎംപി ജനറൽ സിക്രട്ടറി സി.പി. ജോൺ പറയുന്നു.