ഏക സിവിൽ കോഡിൽ യുഡിഎഫിൽ ആശയക്കുഴപ്പം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്കുള്ള ക്ഷണം മുസ്്ലീം ലീഗ് നിരസിച്ചതോടെ ലീഗ് നേതൃത്വം അണികളെ വഞ്ചിച്ചെന്ന് വിമർശനം. കോൺഗ്രസിനെ പ്രീതിപ്പെടുത്താൻ വേണ്ടി ലീഗ് നേതൃത്വം സിപിഎം സെമിനാറിൽ നിന്നും വിട്ടുനിൽക്കുന്നത് ഏക സിവിൽ കോഡിനെച്ചൊല്ലി മുസ്്ലീം ന്യൂനപക്ഷങ്ങൾക്കുള്ള ഭയാശങ്കകൾ പരിഗണിക്കാതെയാണെന്നാണ് അണികൾക്കിടയിലുള്ള പൊതുവികാരം.

സെമിനാറിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിയാതെ അതിൽ നിന്നും വിട്ടുനിൽക്കുന്നത് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്താലാണെന്നും, അണികൾക്കിടയിൽ അഭിപ്രായമുണ്ട്. സിപിഎം അഖിലേന്ത്യാ ജനറൽ സിക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടകനാകുന്ന ഏകീകൃത സിവിൽ കോഡ് വിരുദ്ധ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്തയുടെ ഇരുവിഭാഗങ്ങളും അറിയിച്ചിട്ടുണ്ട്.

കോൺഗ്രസിനെ സെമിനാറിലേക്ക് ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞാണ് മുസ്്ലീം ലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത്. ഇതിന് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദവുമുണ്ട്. യുഡിഎഫിലെ മുഖ്യഘടക കക്ഷിയായ മുസ്്ലീം ലീഗിലെ ഒരുവിഭാഗത്തിന് ഇടതുമുന്നണിയിലേക്ക് കണ്ണുണ്ട്. ഇക്കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനുമറിയാം.

ലീഗ് യുഡിഎഫ് വിട്ടാൽ യുഡിഎഫ് സംവിധാനം ഒറ്റയടിക്ക് തകരുമെന്നുറപ്പാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ മൂന്നാം തവണയും കേരളത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തുകയും, കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടിയും വരും. ഇൗ സാധ്യത മുന്നിൽക്കണ്ടാണ് സിപിഎം സെമിനാറിൽ ലീഗ് പങ്കെടുക്കുന്നതിനെ കോൺഗ്രസ് എതിർക്കുന്നത്.

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള മുസ്്ലീം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കയെക്കുറിച്ച് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏകീകൃത സിവിൽകോഡ് നിലവിൽ വരുന്നതോടെ വിവാഹം, സ്വത്തവകാശം മുതലായ വിഷയങ്ങളിൽ ശരീഅത്ത് നിയമം പിന്തുടരുന്ന മുസ്്ലീം സമൂഹത്തിന് അത് സാധ്യമല്ലാതെ വരും.

ഇതേച്ചൊല്ലിയുള്ള ആശങ്കയാണ് സമസ്തയെ സിപിഎം സെമിനാറിൽ  പങ്കെടുക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. ഗോത്ര വർഗ്ഗക്കാരുടെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഏകീകൃത സിവിൽ കോഡിലൂടെ ഹനിക്കില്ലെന്ന് വാഗ്ദാനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുസ്്ലീം സമൂഹത്തിന്റെ ആശങ്കകളെക്കുറിച്ച് പ്രതികരിക്കാത്തതും മുസ്്ലീം ന്യൂനപക്ഷങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ തങ്ങളും പങ്കെടുക്കില്ലെന്ന മുസ്്ലീം ലീഗ് നിലപാടിൽ അണികൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. മുസ്്ലീം ലീഗിനെ ഏകീകൃത സിവിൽ കോഡിനെതിരെയുള്ള സെമിനാറിലേക്ക് ക്ഷണിച്ചത് വഴി കടുത്ത ആശയക്കുഴപ്പമാണ് സിപിഎം യുഡിഎഫിലുണ്ടാക്കിയത്. സെമിനാറിലേക്കുള്ള ക്ഷണം ഒരു രാഷ്ട്രീയ ബോംബായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

LatestDaily

Read Previous

കെഎസ്ടിപി റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു

Read Next

എം.വി. രാഘവന്റെ  ബദൽ രേഖാ വഴിയിൽ സിപിഎം