കരിന്തളത്ത് ഡിവൈഎഫ്ഐയിൽ വെട്ടിനിരത്തൽ

സ്വന്തം ലേഖകൻ

നീലേശ്വരം: സിപിഎം നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് ഡിവൈഎഫ്ഐ ഭാരവാഹികളെ തെരഞ്ഞെടുത്ത സംഭവം പാർട്ടി നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വ്യക്തമായതോടെ തെരഞ്ഞെടുപ്പിലേക്ക് നയിച്ച പാർട്ടി നേതാവിനെതിരെ നടപടിക്ക് സാധ്യത. ഡിവൈഎഫ്ഐ കരിന്തളം വെസ്റ്റ് മേഖലാ സമ്മേളനത്തിലാണ് സിപിഎം ഫ്രാക്ഷൻ തീരുമാനം പാർട്ടി നേതാവ് അട്ടിമറിച്ചത്.

പാർട്ടി ഫ്രാക്ഷൻ തീരുമാനം അട്ടിമറിച്ച് ഭാരവാഹിയെ തെരഞ്ഞെടുപ്പിലൂടെ തോൽപ്പിച്ച നടപടി സിപിഎം നേതൃത്വത്തിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഫ്രാക്ഷനിൽ പങ്കെടുത്ത സിപിഎം നേതാക്കൾ ഐക്യകണ്ഠേന അംഗീകരിച്ച പാനലാണ് സമ്മേളനത്തിൽ അട്ടിമറിക്കപ്പെട്ടത്. സമ്മേളനത്തിന് മുമ്പായി നടന്ന സിപിഎം ഫ്രാക്ഷനിൽ നിലവിലുണ്ടായിരുന്ന സിക്രട്ടറി നിധിനും പ്രസിഡണ്ട്  ശ്യാംചന്ദ്രനും തുടരണമെന്നായിരുന്നു അഭിപ്രായം.

ശ്യാംചന്ദ്രൻ പ്രസിഡണ്ട് സ്ഥാനത്തേക്കില്ലെന്ന് അറിയിച്ചതോടെ വില്ലേജ് കമ്മിറ്റി അംഗമായ വിഷ്ണുവിനെ പ്രസിഡണ്ടാക്കാനും നിധിൻ സിക്രട്ടറിയായി തുടരാനും പാർട്ടി നേതൃത്വം നിർദ്ദേശിച്ചു. ഈ തീരുമാനം അട്ടിമറിച്ചാണ് ഡിവൈഎഫ്ഐ കരിന്തളം വെസ്റ്റ് മേഖലാ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.

പാർട്ടി നിർദ്ദേശിച്ച നിധിനെ  തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തി കരിന്തളം പഞ്ചായത്തംഗം കൂടിയായ അജിത്താണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചത്. പാർട്ടി തീരുമാനം അട്ടിമറിച്ചതിന് പിന്നിൽ സിപിഎമ്മിന്റെ പ്രമുഖ നേതാവാണെന്നാണ് സൂചന. പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് അണികളുടെ ആവശ്യം.

LatestDaily

Read Previous

കാമുകിയുടെ കഴുത്തറുത്ത പ്രതി 54-ാം ദിവസവും ജയിലിൽ

Read Next

അവയവദാനത്തിന്റെ പേരിൽ  പണം തട്ടിയ കാസർകോട്  സ്വദേശി  പിടിയിൽ