കോട്ടച്ചേരി ബാങ്ക് സ്വർണ്ണപ്പണ്ട തിരിമറിയിൽ 58.4 ലക്ഷം തട്ടിയ ബാങ്ക് മാനേജരും  കൂട്ടുപ്രതികളും മുങ്ങി

ഒന്നാം പ്രതിയായ ബാങ്ക്  മാനേജർ നീന മുൻകൂർ ജാമ്യം തേടി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ മാണിക്കോത്ത്  മഡിയൻ ശാഖയിൽ നിന്ന് സ്വർണ്ണ പണ്ടം തിരിമറിയിൽ 58,4100 രൂപ  ആസൂത്രിതമായി തട്ടിയെടുത്ത കേസ്സിൽ ഒന്നാം പ്രതി ബാങ്ക് ശാഖാ മാനേജർ നീനയടക്കം ഏഴു പ്രതികളും നാട്ടിൽ നിന്ന് മുങ്ങി. അജാനൂർ അടോട്ട് സ്വദേശിനിയായ നീനയുടെ ചെമ്മട്ടംവയൽ ആലയിലുള്ള  ഭർതൃഗൃഹത്തിൽ ഹോസ്ദുർഗ് പോലീസ് നീനയ്ക്ക് വേണ്ടി മിന്നൽ റെയ്ഡ് നടത്തിയെങ്കിലും നീന വീട്ടിലുണ്ടായിരുന്നില്ല.

ബാങ്ക് ശാഖയിൽ ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണ്ണ ഉരുപ്പടികൾ സഞ്ചിയിലാക്കി ലോക്കറിൽ സൂക്ഷിക്കാറാണ് പതിവ്. ലോക്കർ തുറന്ന് ഓരോ സഞ്ചിയിൽ നിന്നും അൽപ്പാൽപ്പം പണയ സ്വർണ്ണമെടുത്ത് അതേ ബാങ്കിൽ  പ്രതികളുടെ പേരിൽ പുതുതായി പണയപ്പെടുത്തിയാണ് 58,41000 രൂപ തന്ത്ര പൂർവ്വം തട്ടിയെടുത്തത്.

ബാങ്ക് ശാഖാ മാനേജർ നീന കേസ്സിൽ ഒന്നാം പ്രതിയാണ്. ഷാജൻ ബാലു, ശാരദ, രാജേഷ്, അബ്ദുൾറഹിമാൻ, മുഹമ്മദ്, നസീമ എന്നിവരുടെ പേരിലാണ് സ്വർണ്ണപ്പണയം തരപ്പെടുത്തിയത്. ഇവരിൽ ഷാജൻ ബാലുവും, ശാരദയും, രാജേഷും ഒന്നാം പ്രതി നീനയുടെ ബന്ധുക്കളാണെന്ന് പറയുന്നു. ലോക്കർ തുറന്നു പരിശോധിച്ചപ്പോൾ 15 സഞ്ചികളിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളിൽ പകുതിയോളം ഭാഗം കാണാനില്ലായിരുന്നു.

ബാങ്ക് മാനേജർ നീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കേസ്സന്വേഷണ സംഘം. ഡിവൈഎഫ്ഐയുടെ അജാനൂരിലെ അറിയപ്പെടുന്ന പ്രവർത്തകയായ നീന ബ്ലോക്ക് പഞ്ചായത്തിൽ ഒരു തവണ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് സിക്രട്ടറി ലേഖയുടെ പരാതിയിലാണ് പോലീസ് ഈ സ്വർണ്ണപ്പണ്ട തട്ടിപ്പിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമം 409, 403, 405, 406, 417, 420, 477 എന്നീ വകുപ്പുകളിലാണ് കേസ്സ്. ഇതിൽ 409, 477 വകുപ്പുകൾ കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത വകുപ്പുകളായതിനാൽ പ്രതികൾ അറസ്റ്റിലായാൽ കീഴ്ക്കോടതിക്ക് റിമാൻഡ് ചെയ്യേണ്ടി വരും. സെക്ഷൻ 477 ഏഴു വർഷം വരെ തടവു ശിക്ഷയോ ജീവപര്യന്തം തടവോ നൽകാവുന്ന വകുപ്പാണ്. നീനയെ ബാങ്ക് ജേലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

മൗനി ബാബയുടെ ആശ്രമത്തിൽ മോഷണം

Read Next

കാമുകിയുടെ കഴുത്തറുത്ത പ്രതി 54-ാം ദിവസവും ജയിലിൽ