പള്ളിക്കര മേൽപ്പാലം എന്ന് തുറക്കും ?

സ്വന്തം ലേഖകൻ

നീലേശ്വരം : നിർമ്മാണം പൂർത്തിയായ നീലേശ്വരം റെയിൽവേ മേൽപ്പാലം ദേശീയപാതയിൽ നീണ്ടുമലർന്ന് കിടക്കുമ്പോഴും  പള്ളിക്കര മേൽപ്പാലത്തിന് കീഴിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ നടുവൊടിഞ്ഞ യാത്ര സഹിച്ച് വാഹന യാത്രക്കാർ. മുംബൈയ്ക്കും കൊച്ചിക്കുമിടയിലുള്ള ഏക റെയിൽവേ ക്രോസായ നീലേശ്വരം പള്ളിക്കരയിെല റെയിൽവേ ഗേയ്റ്റിന് മുകളിൽ മേൽപ്പാലം നിർമ്മാണം പൂർത്തിയായിട്ട് നാളുകളേറെയായെങ്കിലും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ജില്ലാ കലക്ടർ കെ. ഇമ്പശേഖരൻ റെയിൽവേ മേൽപ്പാലം മൂന്ന് ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ചയോളമായെങ്കിലും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ദേശീയപാതയിലുള്ള മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണ്. ഇതിനായി ദേശീയപാതാ അതോറിറ്റിയിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയോ, കാസർകോട് എംപിയോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.

പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം കോഴിയുടെ മുലയൂട്ടൽ പോലെ നീണ്ടുപോകുന്നതിന്റെ കാരണം അധികൃത അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നവ്്ഖി ജില്ലാ ബിജെപി നേതാക്കളോടൊപ്പം പള്ളിക്കര മേൽപ്പാലം സന്ദർശിച്ചത് നാട്ടുകാരിൽ പ്രതീക്ഷ യുണ്ടാക്കിയിരുന്നു.

മുൻമന്ത്രിയുടെ സന്ദർശനം പള്ളിക്കര മേൽപ്പാലം തുറന്നുകൊടുക്കുന്നതിന്റെ നടപടി ക്രമങ്ങൾക്ക് വേഗം കൂട്ടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നാട്ടുകാർക്ക് നിരാശ മാത്രമാണ് ഫലം. മുൻ എം.പി., പി. കരുണാകരൻ പള്ളിക്കരയിൽ സത്യാഗ്രഹമിരുന്ന് നേടിയതാണ് നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം. നിലവിലെ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ പ്രസ്താവനകൾ നടത്തുന്നതല്ലാതെ മേൽപ്പാലം തുറന്നുകൊടുക്കാനുള്ള കാലതാമസത്തിൽ ഇടപെടുന്നില്ലെന്നതാണ് സിപിഎമ്മിന്റെയും  നാട്ടുകാരുടെയും അഭിപ്രായം.

രോഗികളെ വഹിച്ചുള്ള ആംബൂലൻസുകൾ പോലും നീലേശ്വരം പള്ളിക്കര റെയിൽവേ ഗേയ്റ്റിൽ പലതവണ കുടുങ്ങിയിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. കുതിരവട്ടം പപ്പു അവതരിപ്പിച്ച സിനിമാ കഥാപാത്രത്തെപ്പോലെ ഇപ്പോ ശരിയാക്കാമെന്ന് പറയുന്നതല്ലാതെ ജനപ്രതിനിധികളൊന്നും പള്ളിക്കര റെയിൽവേ മേൽപ്പാലം തുറക്കുന്നതിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

LatestDaily

Read Previous

ബാങ്ക് ജപ്തി നേരിട്ട വീട്ടിൽ മോഷണം

Read Next

മത്സരയോട്ടം; ഡ്രൈവർമാർക്കെതിരെ കേസ്സ്