അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ പഞ്ചായത്തിന്റെ അന്ത്യശാസനം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മാണിക്കോത്ത് കോയാപ്പള്ളിക്ക് സമീപം ഉദുമ തിരുവക്കോളി സ്വദേശിയുടെ കെട്ടിടത്തോട്  ചേർന്ന് നിർമ്മിച്ച അനധികൃത ഷെഡ് പൊളിച്ചുനീക്കാൻ അജാനൂർ പഞ്ചായത്തിന്റെ അന്ത്യശാസനം. തിരുവക്കോളിയിലെ എം. കെ. കുഞ്ഞഹമ്മദിന്റെ മകൻ റഹ്മത്തുള്ളയുടെ ഉടമസ്ഥതയിലുള്ള കോയാപ്പള്ളിക്ക് സമീപത്തെ കെട്ടിടത്തോടനുബന്ധിച്ചാണ് പഞ്ചായത്ത് അനുമതിയില്ലാതെ അനധികൃത ഷെഡ് നിർമ്മിച്ചത്.

അനധികൃത നിർമ്മാണത്തിനെതിരെ മാണിക്കോത്തെ ഹസൈനാറും ഭാര്യ ഫൗസിയയും ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. ഹർജിയെത്തുടർന്ന് ഹൈക്കോടതി ഇടപെടലിൽ നടന്ന പരിശോധനയിൽ പൊതുസ്ഥലം കയ്യേറിയതായി തെളിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കൈയ്യേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും, റഹ്മത്തുള്ള അനധികൃത ഷെഡ് പൊളിച്ചു നീക്കിയില്ല.

അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നിർമ്മിച്ച അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ അജാനൂർ പഞ്ചായത്ത് റഹ്മത്തുള്ളയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം ഷെഡ് പൊളിച്ചുനീക്കിയില്ല. ഇതേത്തുടർന്ന് അജാനൂർ പഞ്ചായത്ത് ഭരണസമിതി യോഗം അനധികൃത ഷെഡ് പൊളിച്ചു നീക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതിന് മുന്നോടിയായി കെട്ടിടത്തിൽ പഞ്ചായത്ത് നോട്ടീസ് പതിച്ചിരുന്നു. ജൂലായ് 3നാണ് റഹ്മത്തുള്ളയുടെ അനധികൃത ഷെഡിൽ പഞ്ചായത്ത് നോട്ടീസ് പതിച്ചത്. ഷെഡ് പൊളിച്ചു നീക്കാൻ രണ്ട് ദിവസത്തെ സമയമാണ് അജാനൂർ പഞ്ചായത്ത് റഹ്മത്തുള്ളയ്ക്ക് അനുവദിച്ചതെങ്കിലും ഇന്നുവരെ ഷെഡ് പൊളിച്ചുനീക്കിയിട്ടില്ല. ഷെഡ്ഡ് പൊളിച്ചുമാറ്റാൻ ഹൈക്കോടതിയും ഗ്രാമപഞ്ചായത്തിന് അന്ത്യശാസനം നൽകിയിട്ടുണ്ട്.

LatestDaily

Read Previous

എൻസിപി പെൺവിഷയം; സ്ത്രീകളടക്കം മൂന്നുപേരെ താക്കീത് ചെയ്യും

Read Next

ബാങ്ക് ജപ്തി നേരിട്ട വീട്ടിൽ മോഷണം