സ്കൂൾ പരിസരത്ത്  മയക്കുമരുന്ന്; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സ്കൂൾ പരിസരം കേന്ദ്രീകരിച്ച്  മാരക രാസലഹരിമരുന്ന് വിൽപ്പനയിലേർപ്പെട്ട യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കാസർകോട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയിഡ്. ഇന്നലെ സന്ധ്യയ്ക്ക് 7.20നാണ് ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സഹായത്തോടെ ഇന്റലിജൻസ് വിഭാഗം കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ പരിസരത്ത് പരിശോധന നടത്തിയത്.

ദുർഗ്ഗ ഹയർസെക്കന്ററി സ്കൂളിന്റെ ഗേയിറ്റിന് മുൻവശത്ത്  മോട്ടോർ സൈക്കിളിൽ എംഡിഎംഏയുമായെത്തിയ നീലേശ്വരം  തൈക്കടപ്പുറം സ്വദേശിയാണ് എക്സൈസിന്റെ പിടിയിലായത്. സ്കൂൾ പരിസരത്ത് ബുള്ളറ്റ് മോട്ടോർ സൈക്കിളിലെത്തിയ യുവാവ് ലഹരി മരുന്ന് കച്ചവടം നടത്തുന്ന വിവരം എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിരുന്നു.

ഐബി പ്രിവന്റീവ് ഓഫീസർ ബിജോയിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സൂചന സ്ഥിരീകരിച്ചതോടെ വിവരം ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിന് കൈമാറി. തുടർന്ന് നടന്ന പരിശോധനയിലാണ് സ്കൂൾ പരിസരത്ത് എംഡിഎംഏ കച്ചവടത്തിനെത്തിയ നീലേശ്വരം തൈക്കടപ്പുറത്തെ കുഞ്ഞികൃഷ്ണന്റെ മകൻ ഷാരോണിനെ 27, എംഡിഎംഏയുമായി പിടികൂടിയത്.

യുവാവിന്റെ പക്കൽ നിന്നും 2.510 ഗ്രാം എംഡിഎംഏ എക്സൈസ്  കണ്ടെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കെ.എൽ 13 ഏഎച്ച് 0390 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളും പോലീസ് കണ്ടെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രവീന്ദ്രൻ എം.കെ. സിവിൽ എക്സൈസ് ഓഫീസർമാരായ ജിജിത്ത്കുമാർ.കെ, സിജിൻ.സി, ഡ്രൈവർ മഹേഷ് പി.വി. എന്നിവരുമുണ്ടായിരുന്നു.

LatestDaily

Read Previous

കാമുകനെത്തേടി പുറപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായി

Read Next

ആനന്ദാശ്രമം – ഗുഹ റോഡ് നാടിന് സമർപ്പിച്ചു