കെ. സുധാകരനെ കൈവിട്ട് ഏ,ഐ ഗ്രൂപ്പുകളും യൂത്ത് കോൺഗ്രസും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : പുരാവസ്തു തട്ടിപ്പ് കേസ്സിൽ അറസ്റ്റിലായ കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും, പുനർജ്ജനി ഫണ്ട് തട്ടിപ്പിൽ വിജിലൻസ് കേസ്സന്വേഷണം നേരിടുന്ന വി.ഡി. സതീശനും കോൺഗ്രസിൽ പിന്തുണ കുറയുന്നത് കോൺഗ്രസിൽ വരാനിരിക്കുന്ന ഗ്രൂപ്പ് ധ്രുവീകരണത്തിന്റെ സൂചന. പുരാവസ്തു തട്ടിപ്പ് കേസ്സിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ച കെ. സുധാകരന് ഐക്യദാർഢ്യമറിയിച്ച് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങാത്തത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

സുധാകരനെ അനുകൂലിച്ച് വിരലിലെണ്ണാവുന്ന കോൺഗ്രസ് നേതാക്കൾ മാത്രമാണ് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് കേരള ഘടകത്തിൽ രൂപംകൊണ്ട കെ. സുധാകരൻ –വി.ഡി. സതീശൻ അച്ചുതണ്ടിനെതിരെ ഏ.ഐ. ഗ്രൂപ്പിൽ നിലനിൽക്കുന്ന അനിഷ്ടമാണ് കെ. സുധാകരന്റെ അറസ്റ്റിൽ പലരും പ്രതികരിക്കാത്തതിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

പോക്സോ കേസ്സിൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ വിധിക്കപ്പെട്ട മോൺസൺ മാവുങ്കലിനൊപ്പം രണ്ടാം പ്രതിയായ കെ. സുധാകരനെ പിന്തുണച്ചാലുണ്ടാകുന്ന നാണക്കേടാണ് പല നേതാക്കളേയും പരസ്യ പ്രതികരണത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മോൺസണെ തള്ളിപ്പറയാൻ, കെ. സുധാകരനും, സുധാകരനെ തള്ളിപ്പറയാൻ മോൻസനും തയ്യാറാകാത്തതിന് പിന്നിൽ നിഗൂഢതകൾ ഏറെയുണ്ടെന്നാണ് കോൺഗ്രസിലെ ഏ, ഐ ഗ്രൂപ്പ് നേതാക്കൾ കരുതുന്നത്.

കെ. സുധാകരൻ മോൻസന്റെ തിരുമ്മൽ കേന്ദ്രം സന്ദർശിച്ചതിന്റെ അതീവ രഹസ്യമായ വീഡിയോ ക്ലിപ്പിംഗ്സുകൾ മോൻസന്റെ പക്കലുള്ളതാണ് കെ. സുധാകരൻ മോൻസണെ തള്ളിപ്പറയാത്തതിന്റെ കാരണമെന്നും സംശയിക്കുന്നു. അറസ്റ്റിലായതിന് പിന്നാലെ കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കെ. സുധാകരനെ രാജിയിൽ നിന്നും പിന്തിരിപ്പിച്ച വി.ഡി. സതീശന്റെ നിലപാടിലും ഏ.ഐ. ഗ്രൂപ്പുകൾ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.

കോൺഗ്രസിന് മാനക്കേടുണ്ടാക്കിയ കെ. സുധാകരനെ വി.ഡി. സതീശൻ രാജിസന്നദ്ധതയിൽ നിന്നും പിൻവലിപ്പിച്ചതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ഏ,ഐ ഗ്രൂപ്പ് നേതാക്കൾ കരുതുന്നു. കെ. സുധാകരൻ രാജിവെക്കുകയാണെങ്കിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വി.ഡി. സതീശനും അതേപാത പിന്തുടർന്ന് രാജിവെക്കേണ്ടി വരുമെന്നും അതിൽ നിന്നൊഴിവാകാനാണ് വി.ഡി. സതീശൻ കെ. സുധാകരന് വേണ്ടി വാദിക്കുന്നതെന്നുമാണ് ഏ.ഐ, ഗ്രൂപ്പുകളുടെ നിലപാട്.

കെപിസിസി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും ഒരേസമയം തട്ടിപ്പുകേസിലുൾപ്പെട്ട ചരിത്രം കോൺഗ്രസിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്തതാണെന്നും സുധാകര-–സതീശ വിരുദ്ധ വിഭാഗം വാദിക്കുന്നു. കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ ഒറ്റ ദിവസം കൊണ്ട് കെട്ടടങ്ങിയിരിക്കുകയാണ്.

LatestDaily

Read Previous

ഷീജ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

Read Next

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവർ പിടിയിൽ