സ്കൂട്ടറിൽ പന്നി ഇടിച്ച് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

പെരിയ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പന്നി ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ രാത്രി 8 മണിക്ക് പെരിയ ചെക്കിപ്പള്ളത്ത് പെരിയ ആയമ്പാറ റോഡിലാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ കാട്ടു പന്നി ഇടിച്ചത്.

ഇതേത്തുടർന്ന് വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞ് പരിക്കേറ്റ യുവാവാണ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന്  പുലർച്ചെ മരിച്ചത്. കാസർകോട്ടെ ബാറ്ററി സ്ഥാപനത്തിൽ ജീവനക്കാരനും, പെരിയ വില്ലാരംപതിയിലെ പരേതനായ രാമന്റെയും  മാധവിയുടെയും മകനുമായ കെ.വി. ബാബുവാണ് 43, വാഹനാപകടത്തിൽ മരിച്ചത്.

 അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടക്കുകയായിരുന്ന യുവാവിനെ അതുവഴി വന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാഗേഷ് പെരിയയും അനീഷ് കല്ല്യോട്ടും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ജില്ലാശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ  12.35-നാണ് മരണം. പരേതൻ അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.വി. നാരായണൻ, ശാരദ, മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി, പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്പോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കെ.വി. ബാബു ഓടിച്ചിരുന്ന  കെ.എൽ 60 എം 3481 നമ്പർ സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബേക്കൽ പോലീസ് മനപൂർവ്വമല്ലാത്ത  നരഹത്യയ്ക്ക് കേസെടുത്തു.

LatestDaily

Read Previous

നഗരസഭാ വനിതാ കൗൺസിലർമാർ കുടുംബശ്രീ വായ്പ തട്ടിയെടുത്തു

Read Next

ഡാറ്റാബാങ്ക് ക്രമക്കേട്; കൃഷി ഓഫീസർക്കെതിരെ പോസ്റ്റർ