വിദ്യയ്ക്കെതിരെ നീലേശ്വരത്തും കേസ്

സ്വന്തം ലേഖകൻ

നീലേശ്വരം: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം ഗവൺമെന്റ് കോളേജിൽ അതിഥി ലക്ചററായി ജോലി ചെയ്തതിന് തൃക്കരിപ്പൂർ മണിയനൊടിയിലെ ടി.വി. വിജയന്റെ മകൾ വിദ്യയ്ക്കെതിരെ കേസെടുത്തു.

കരിന്തളം ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജെയ്സൺ വി. ജോസഫിന്റെ പരാതിയിൽ വഞ്ചനാക്കുറ്റം, വ്യാജരേഖ  ചമയ്ക്കൽ മുതലായ വകുപ്പുകൾ പ്രകാരമാണ് കെ. വിദ്യയ്ക്കെതിരെ കേസ്സെടുത്തത്. 2022-23 വിദ്യാഭ്യാസ വർഷത്തിലാണ് വിദ്യ കരിന്തളം കോളേജിൽ മലയാളം അധ്യാപികയായി ജോലി ചെയ്തത്.

2018 മുതൽ 2022 വരെ എറണാകുളം മഹാരാജാസ് കോളേജിൽ ജോലി ചെയ്തതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചാണ് വിദ്യ കരിന്തളത്തും ജോലി നേടിയത്. വ്യാജ രേഖയുപയോഗിച്ച് ഇന്റർവ്യൂവിൽ പങ്കെടുത്ത് അതിഥി അധ്യാപികയായി ജോലി ചെയ്ത് സ്ഥാപനത്തെ വഞ്ചിച്ചുവെന്നാണ് പരാതി. ഒരു വർഷത്തെ കരാറിലാണ് കെ. വിദ്യ കരിന്തളം കോളേജിൽ ജോലി ചെയ്തതെന്ന് പ്രിൻസിപ്പൽ  ഇൻ ചാർജ്ജ് അറിയിച്ചു. കരിന്തളം കോളേജിൽ ക്ലാസ്സെടുത്തിരുന്ന കെ. വിദ്യയുടെ ക്ലാസ്സുകൾ മികച്ചതായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.

വിദ്യാർത്ഥികളുമായി ഇവർക്ക് നല്ല ബന്ധമായിരുന്നു. കഴിഞ്ഞ വർഷത്തെ കോളേജ് മാഗസിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലും വിദ്യ സജീവമായുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. നല്ല െപരുമാറ്റം  വഴി ഇവർ വിദ്യാർത്ഥികളുടെ പ്രിയങ്കരിയായ അധ്യാപികയായിരുന്നു. കരിന്തളം കോളേജിൽ അധ്യാപികയായെത്തുന്നതിന് മുമ്പ് ഇവർ പാലക്കാട്ടെ സർക്കാർ കോളേജിലും അതിഥി അധ്യാപികയായി ജോലി ചെയ്തിരുന്നു.

കാലടി സർവ്വകലാശാലയിൽ പിഎച്ച്ഡിക്ക് ചേർന്നതിന് പിന്നാലെയാണ് വിദ്യയ്ക്കെതിരെ വ്യാജരേഖാക്കേസ്സുണ്ടായത്. കവയത്രി കൂടിയായ കെ. വിദ്യയെ മാതൃഭൂമി ദിനപ്പത്രം പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു. പാലക്കാട് അഗളി പോലീസ് സ്റ്റേഷൻ പരിധിയിലെ കോളേജിലാണ് ഇവർ വ്യാജരേഖ ഹാജരാക്കി ജോലി ചെയ്തത്.

പാലക്കാട്, കാസർകോട്, കരിന്തളം എന്നിവിടങ്ങളിലെ ഗവൺമെന്റ് കോളേജുകളിൽ വ്യാജരേഖ ഹാജരാക്കി താൽക്കാലിക നിയമനം നേടിയ യുവതിക്കെതിരെ രണ്ട് ജില്ലകളിലുമായി 2 വഞ്ചനാക്കേസ്സുകളാണ് നിലവിലുള്ളത്. വ്യാജരേഖ ഹാജരാക്കി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ അതിഥി അധ്യാപികയായി ജോലി നേടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്.

Read Previous

യുവാവിനെ ആക്രമിച്ചവർക്കെതിരെ നരഹത്യാശ്രമക്കേസ്

Read Next

വനംവകുപ്പ് ജില്ലാ ഉദ്യോഗസ്ഥനെ മാറ്റിയത് പാർട്ടി അറിഞ്ഞില്ല