കണ്ണൂരിലെ ഡ്രൈവറുടെ കൊല: 2 പേർ അറസ്റ്റിൽ

കണ്ണൂര്‍: നഗരത്തില്‍ ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട്ട് താമസക്കാരനായ യുവാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട് താമസിക്കുന്ന കണ്ണൂര്‍ കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശബീര്‍ 30,, കോഴിക്കോട് ജില്ലയിലെ പി അല്‍ത്വാഫ് 36, എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ കുറെക്കാലമായി പ്രതികള്‍ കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് പിടിച്ചുപറിയും മറ്റും നടത്തിവരുന്നതായാണ് പൊലീസ് പറയുന്നത്. കവർച്ചാ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചരക്കിറക്കി കൊണ്ടിരിക്കെ ലോറി ഡ്രൈവര്‍ കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്റോയാണ് 40, കൊല്ലപ്പെട്ടത്.

പ്രതികള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാലിന് ആഴത്തിലുള്ള വെട്ടേറ്റത് കാരണം ഞരമ്പ് മുറിഞ്ഞു പോവുകയും ഓടുന്നതിനിടെ അനിയന്ത്രിതമായി ചോരവാര്‍ന്നൊഴുകിയതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോ ര്‍ടില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. വൈകുന്നേരം ആറുമണിയോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അല്‍ത്വാഫിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുണ്ടെന്നും സ്ഥിരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നയാളാണെന്നും പൊലീസ് പറഞ്ഞു. കഞ്ചാവ്, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് കതിരൂര്‍, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ ശബീറിന്റെ പേരിലും നിരവധി കേസുകളുളളതായി കണ്ണൂര്‍ എസിപി ടികെ രത്നകുമാര്‍ അറിയിച്ചു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട്  സ്വർണ്ണവേട്ട; 858.38 ഗ്രാം സ്വർണ്ണം പിടികൂടി

Read Next

വിദ്യാര്‍ഥി പുഴയിൽ മുങ്ങിമരിച്ചു