അധ്യാപകന്റെ തിരോധാനം എങ്ങുമെത്തിയില്ല

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: പടന്ന കടപ്പുറത്ത് നിന്നും  അഞ്ച് മാസങ്ങൾക്ക് മുമ്പ് കാണാതായ അധ്യാപകന് വേണ്ടിയുള്ള അന്വേഷണം നിലച്ച മട്ടിലായി. പടന്ന കടപ്പുറം ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ അധ്യാപകൻ എം.ബാബുവിന്റെ 42, തിരോധാനക്കേസാണ് പാതിവഴിയിൽ സ്തംഭിച്ചത്.

2022 ഡിസംബർ 11-ന് ഞായറാഴ്ചയാണ് ഉദിനൂർ സ്വദേശിയായ ബാബുവിനെ 42,  പടന്ന കടപ്പുറത്തെ സ്ക്കൂളിൽ നിന്നും കാണാതായത്. ഞായറാഴ്ച ദിവസം സ്ക്കൂളിൽ സ്പെഷ്യൽ ക്ലാസെടുക്കാനെത്തിയ അധ്യാപകനെ ഉച്ചയോടെയാണ് സ്ക്കൂളിൽ നിന്നും കാണാതായത്. അദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന ഒരു ഫോൺ വിളിക്ക് പിന്നാലെയാണ് ബാബു സ്ക്കൂളിൽ നിന്നും ഇറങ്ങിപ്പോയത്. പിന്നെ ഇദ്ദേഹത്തെ കണ്ടവരാരുമില്ല.

അധ്യാപകന്റെ തിരോധാനത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസാണ് എങ്ങുമെത്താതെ ത്രിശങ്കുവിലായത്. ബാബുവിന്റെ മൊബൈൽ ഫോൺ സ്വിച്ചോഫായത്  പോലീസിന്റെ അന്വേഷണത്തെ ബാധിച്ചു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി ഇദ്ദേഹത്തിനെതിരെ പരാതിയുണ്ടായിരുന്നു.

പ്രസ്തുത പരാതിയിൽ ചന്തേര പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അധ്യാപകനെ കാണാതായത്. കാണാതായ അധ്യാപകന് വേണ്ടി ചന്തേര പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കിയിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല. ഇദ്ദേഹം എവിടെയുണ്ടെന്നതിനെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. അധ്യാപകൻ എവിടെപ്പോയെന്ന ചോദ്യം ദുരൂഹസമസ്യയായി അവശേഷിക്കുകയാണ്.

LatestDaily

Read Previous

കഴുത്തറുക്കുമ്പോൾ സതീശന്റെ മോതിരവിരലിൽ ദേവിക കടിച്ചു

Read Next

അച്ഛന്റെ പാത പിന്തുടർന്ന് മകളും റാങ്ക് നേടി