ആശാലതയ്ക്കെതിരായ പരാതി മൂന്നംഗ അന്വേഷണ കമ്മീഷന്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബാറിലെ  ജൂനിയർ അഭിഭാഷക  മടിക്കൈ ബങ്കളത്തെ കവിതയെ വക്കീൽ ഓഫീസിൽ മുടിക്കുത്തിന് പിടിച്ച് മർദ്ദിച്ച സംഭവത്തിൽ   മൂന്നംഗ അഭിഭാഷകർ അന്വേഷണം നടത്തും. മർദ്ദനമേറ്റ കവിത ഹോസ്ദുർഗ് ബാർ അസോസിയേഷന് നൽകിയ പരാതി അന്വേഷിക്കാൻ അഭിഭാഷകരായ കെ.കെ. രാജേന്ദ്രൻ, ജോൺ തോമസ്, രമ എന്നിവരെ ഇന്നലെ ചേർന്ന ബാർ അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചുമതലപ്പെടുത്തി.

അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കവിതയുടെ പരാതിയിൽ അനന്തര നടപടികളിലേക്ക് കടക്കുമെന്ന്  ബാർ അസോസിയേഷൻ പ്രസിഡണ്ട്  അഡ്വ. ശശിധരൻ വെളിപ്പെടുത്തി. വക്കീൽ ആശാലതയ്ക്ക് ഒരു  വഴിത്തർക്ക കേസ് ഏൽപ്പിച്ച മടിക്കൈ ബങ്കളത്തെ പാർട്ടി പ്രവർത്തകന്റെ കേസിൽ ആശാലത കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് കേസ് അന്യായക്കാരനെതിരായി കോടതി തള്ളിക്കളയുകയായിരുന്നു.

ഈ സംഭവത്തിൽ പാർട്ടി പ്രവർത്തകൻ ആശാലതയ്ക്കെതിരെ മടിക്കൈ പാർട്ടിക്ക് നൽകിയ പരാതി അന്വേഷിക്കാൻ പാർട്ടി കവിതയെയാണ് ഏൽപ്പിച്ചത്. കവിതയുടെ അന്വേഷണത്തിൽ ആശാലത കേസിന് കോടതിയിൽ ഹാജാരാകാതിരുന്നതു മൂലമാണ് കേസ് തള്ളിപ്പോയതെന്ന് കണ്ടെത്തുകയും ഈ വിവരം കവിത പാർട്ടിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഷുക്കൂർ വക്കീലിന്റെ ഓഫീസിൽക്കയറി കവിതയെ ആശാലത കഴിഞ്ഞ ദിവസം മർദ്ദിച്ചത്.

മർദ്ദന സംഭവത്തിൽ ഒരു ഭാഗത്ത് പാർട്ടി തലത്തിലുള്ള അന്വേഷണം നീലേശ്വരം ഏരിയാക്കമ്മിറ്റി നടത്തിവരികയാണ്. ഇതിന് പുറമേയാണ്  മർദ്ദനമേറ്റ കവിത ഹോസ്ദുർഗ് ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് പരാതി നൽകിയത്. അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ.കെ രാജേന്ദ്രൻ, ജോൺതോമസ്, രമ എന്നിവർ ഹോസ്ദുർഗ് ബാറിലെ മുതിർന്ന അഭിഭാഷകരാണ്.

LatestDaily

Read Previous

പൊടിപറത്തി ഓടിയ ബസ് പോലീസുദ്യോഗസ്ഥൻ തടഞ്ഞിട്ടു

Read Next

കഴുത്തറുക്കുമ്പോൾ സതീശന്റെ മോതിരവിരലിൽ ദേവിക കടിച്ചു