വി. വി. രമേശനെ നേരിടാൻ കോൺഗ്രസ്സ് കരുത്തനെ തേടുന്നു

കാഞ്ഞങ്ങാട്: മാതോത്ത് വാർഡ് 17-ൽ ഇത്തവണ സിപിഎം സ്ഥാനാർത്ഥി വി.വി. രമേശനാണെന്ന് ഉറപ്പായതോടെ രമേശനെ നേരിടാൻ കോൺഗ്രസ്സ് കരുത്തുള്ള സ്ഥാനാർത്ഥിയെ തേടുന്നു.  പാർട്ടിയിലെ ഗ്രൂപ്പ് വടംവലിയും റിബൽ സ്ഥാനാർത്ഥിയുടെ രംഗ പ്രവേശനവുമായിരുന്നു കഴിഞ്ഞതവണ വാർഡ് 17-ൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി ബിന്ദു പരാജയപ്പെടാനുണ്ടായ കാരണം.

ഗ്രൂപ്പ് കളിയാണ് പരാജയകാരണമെന്ന് വൈകിയെങ്കിലും, നേതാക്കൾക്ക് ബോധ്യമായിട്ടുണ്ട്.  എതിരാളി മുൻ നഗരസഭാ ചെയർമാനായതുകൊണ്ട് മാതോത്ത് വാർഡ് തിരിച്ചു പിടിക്കാൻ ജനകീയനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്സ് നേതൃത്വം. 17-ാം വാർഡിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ചിലരുടെ പേരുകൾ ഉയർത്തിയിരുന്നുവെങ്കിലും, സിപിഎം രമേശനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് കരുത്തനായ സ്ഥാനാർത്ഥിയായിരിക്കണം മാതോത്ത് വാർഡിൽ മത്സരിക്കേണ്ടതെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസ്സിലുയർന്നത്.

രമേശന്റെ എതിരാളിയെ കണ്ടെത്തുന്നതിന് ഇന്ന് കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രത്യേക യോഗം ചേരുന്നുണ്ട്. യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയാകും.1988 മുതൽ 2010 വരെ കോൺഗ്രസ്സ് മാത്രം പ്രതിനിധീകരിച്ച വാർഡാണിത്. തുടർച്ചയായി രണ്ട് തവണ സിപിഎം ഈ വാർഡ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ നാൽപ്പതിൽ താഴെ വോട്ടിന് വാർഡ് നഷ്ടപ്പെട്ടത് ഗ്രൂപ്പ് പോര് മൂലമാണെന്ന് നേതാക്കൾ തുറന്ന് സമ്മതിക്കുന്നു.

കല്ലംചിയിലെ ബിന്ദുവിനെ കോൺഗ്രസ്സ് ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ നിലവിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന സുമതിയെ ഈ വാർഡിൽ റിബലായി മത്സരിപ്പിക്കുകയായിരുന്നു. 

സുമതി ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട 90 വോട്ടുകൾ പിടിച്ചതോടെ സിപിഎം സ്ഥാനാർത്ഥി 40 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു.കോൺഗ്രസ്സിന്റെ ഉറച്ച വാർഡായ മാതോത്ത് വാർഡിലിപ്പോൾ രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് കോൺഗ്രസ്സ് വിലയിരുത്തൽ.

LatestDaily

Read Previous

രാജപുരം പീഡനം: ബസ് ക്ലീനർ റിമാന്റിൽ

Read Next

കാരാട്ട് വയലിൽ മുകുന്ദറായ് പ്രഭു ഇടത് സ്ഥാനാർത്ഥി