ഡി.സി.സി പുനഃസംഘടനാ പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലാപക്കൊടി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ഡി.സി.സി പ്രസിഡന്റ് കെ.പി.സി.സി.ക്ക് സമർപ്പിച്ച പുനഃസംഘടനാ ലിസ്റ്റിൽ ചെറുവത്തൂരിൽ നിന്നും 3പേർ കയറിപ്പറ്റിയതിനെതിരെ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷം. വയനാട്ടിൽ നടന്ന കോൺഗ്രസ് നേതൃ പഠന ക്യാമ്പിലെടുത്ത തീരുമാന പ്രകാരമാണ് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ പുനഃസംഘടനാ ലിസ്റ്റ് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. നേതാവ് സോണി സെബാസ്റ്റ്യന് സമർപ്പിച്ചത്.

പ്രസ്തുത ലിസ്റ്റിൽ ചെറുവത്തൂരിലെ സീനിയർ കോൺഗ്രസ് നേതാവ് കെ.വി.സുധാകരന് പുറമെ പി.കെ. ഫൈസലിന്റെ ബിസിനസ് പങ്കാളിയും നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഡോ. കെ.വി.ശശിധരൻ, കൃഷ്ണൻ പത്താനത്ത് എന്നിവർ കയറിപ്പറ്റിയതിനെതിരെയാണ്,  ഏ.ഐ. ഗ്രൂപ്പുകളിൽ പ്രതിഷേധമുയർന്നത്.

ഡി.സി.സി. പ്രസിഡന്റ് നൽകിയ പട്ടികയിൽപ്പെട്ട കെ.വി.സുധാകരൻ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. ഡോ.കെ.വി.ശശിധരൻ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയാണെങ്കിലും, പാർട്ടി പരിപാടികളിൽ സജീവമല്ലെന്ന് ആക്ഷേപമുണ്ട്. കൃഷ്ണൻ പത്താനത്ത് ബാങ്ക് സേവനത്തിൽ നിന്നും വിരമിച്ച ശേഷം 5 വർഷം മുമ്പാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.

മുഴുവൻ സമയവും കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിന് ഉഴിഞ്ഞുവെച്ച നേതാക്കളെ മാറ്റി നിർത്തി പി.കെ.ഫൈസൽ സമർപ്പിച്ച ലിസ്റ്റിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. ഡോ.കെ.വി.ശശിധരനെ പി.കെ.ഫൈസൽ ഡി.സി.സി. ട്രഷററായി നിയോഗിച്ചത് വിവാദം സൃഷ്ടിച്ചിരുന്നും ഡി.സി.സി. നേതാക്കളുടെ എതിർപ്പുമൂലമാണ് പിന്നീട് കെ,.വി.ശശിധരനെ കെ.പി.സി.സി. പ്രസിഡന്റ് ഇടപെട്ട് തൽസ്ഥാനത്ത് നിന്നും നീക്കിയത്.

ചെറുവത്തൂർ 12-ാം വാർഡിലെ പാർട്ടി ഓഫീസും സ്ഥലവും ചെറുവത്തൂർ മണ്ഡലം ഭാരവാഹിയല്ലാത്ത ഡോ.കെ.വി.ശശിധരന്റെ പേരിൽ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പാർട്ടി പ്രവർത്തകർ ഡിസിസിക്കും കെപിസിസിക്കും നൽകിയ പരാതിയിൽ തീരുമാനമാകാത്തതിന് പിന്നിൽ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസലും ഡോ.കെ.വി.ശശിധരനും തമ്മിലുള്ള ഒത്തുകളിയാണെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

LatestDaily

Read Previous

വികസനത്തിന്റെ രക്തസാക്ഷിയായി രത്നാകരൻ

Read Next

പെരിയ കടയിൽ അക്രമം