പൂക്കോയയുടെ ചന്തേര വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതിയും, ലീഗ് ജില്ലാ നേതാവും, തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് മുൻ പ്രസിഡണ്ടുമായ ടി.കെ. പൂക്കോയ തങ്ങളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ഏ.വി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകുന്നേരം 5-30 മണിക്ക് ടി.കെ. പൂക്കോയയുടെ വീട്ടിലെത്തിയത്. പൂക്കോയയുടെ ഭാര്യ റംലയും ഇവരുടെ ബന്ധുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ജ്വല്ലറിത്തട്ടിപ്പ് കേസ്സിലെ മുഖ്യപ്രതിയായ എം.സി. ഖമറുദ്ദീൻ എംഎൽഏ അറസ്റ്റിലായതിന് പിന്നാലെയാണ് കൂട്ടുപ്രതി ടി.കെ. പൂക്കോയ ഒളിവിലായത്. ഇദ്ദേഹത്തെ അന്വേഷിച്ച് രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം ചന്തേരയിലെ വീട്ടിലെത്തുന്നത്. പൂക്കോയയ്ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതിനാൽ, വിദേശത്ത് പോകാനുള്ള സാധ്യത കുറവാണ്. ഇദ്ദേഹം ബംഗളൂരുവിലെ ഒളിത്താവളത്തിലുണ്ടെന്ന് സംശയമുണ്ട്. ഭർത്താവ് എവിടെയാണെന്ന് അറിയില്ലെന്നാണ് പൂക്കോയയുടെ ഭാര്യയുെട നിലപാട്.

എംഎൽഏയുടെ അറസ്റ്റിന് മുമ്പു തന്നെ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതിയും ടി.കെ. പൂക്കോയയുടെ മകനുമായ ഹിഷാം ഗൾഫിലേക്ക് മുങ്ങിയിരുന്നു. അതിനിടെ, ഹിഷാം ഇന്നലെ പോലീസിന് കീഴടങ്ങുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും, വ്യാജ പ്രചാരണമായിരുന്നു. അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന എം.സി. ഖമറുദ്ദീനെതിരെ 12 കേസ്സുകളിൽക്കൂടി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചു. ഇദ്ദേഹത്തിനെതിരെയുള്ള 75 കേസ്സുകളിൽ അറസ്റ്റ് രേഖപ്പെടുത്തി. നിക്ഷേപത്തട്ടിപ്പിൽ ഇന്നലെ രണ്ട് കേസ്സുകൾ കൂടി ചന്തേര പോലീസിൽ റജിസ്റ്റർ ചെയ്തു.  നീലേശ്വരം കോട്ടപ്പുറം സ്വദേശി ടി.കെ. അബുബക്കർ, കോട്ടപ്പുറം നാലുപുരപ്പാട്ടിൽ ജബ്ബാറിന്റെ മകൾ ഏ. അലീസ എന്നിവരുടെ പരാതികളിലാണ് കേസ്സുകൾ.

ടി.കെ. അബൂബക്കർ 2009 മുതൽ വിവിധ തവണകളായി 21 ലക്ഷം രൂപയാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. അലീസ 2017-ൽ 12 പവൻ സ്വർണ്ണവും നിക്ഷേപിച്ചു. ഇരുവരെയും നിക്ഷേപത്തുകയോ, സ്വർണ്ണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി. ഖമറുദ്ദീൻ എംഎൽഏ, ടി.കെ. പൂക്കോയ എന്നിവർക്കെതിരെ വഞ്ചനാക്കുറ്റം, ഗൂഢാലോചന എന്നിവ ചുമത്തി കേസ്സെടുത്തത്.

LatestDaily

Read Previous

വാക്കുകൾക്ക് കടിഞ്ഞാൺ

Read Next

അബൂബക്കറെ പിടികൂടാൻ വനപാലകർ വലവീശി മുങ്ങിയ അബൂബക്കർ ചന്ദനം വെട്ടുകാരൻ