ഗഫൂർ ഹാജിയുടെ മരണം: രാസപരിശോധനാഫലം ഉടൻ

സ്വന്തം ലേഖകൻ

ബേക്കൽ: ദുരൂഹ സാഹചര്യത്തിൽ മരിച്ച പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.ഗഫൂർ ഹാജിയുടെ പോസ്റ്റ്മാർട്ടത്തിന്റെ രാസപരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കാൻ ആർ.ഡി.ഒ. കോടതിയുടെ ഇടപെടൽ ഉണ്ടായതോടെ ഗഫൂർ ഹാജിയുടെ മരണത്തെക്കുറിച്ചുള്ള കേസന്വേഷണം ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷ.

ഫോറൻസിക് പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെയ് 9-നാണ് ബേക്കൽ ഡി.വൈ.സ്.പി.സി.കെ.സുനിൽകുമാർ ആർ.ഡി.ഒ. കോടതിയെ സമീപിച്ചത്. കേസന്വേഷണം മുന്നോട്ട് പോകാതെ സ്തംഭിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് ഡി.വൈ.എസ്.പി. ആർ.ഡി.ഒ. കോടതിയെ സമീപിച്ചത്.

പ്രസ്തുത വിഷയത്തിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ആർ.ഡി.ഒ. കൂടിയായ കാഞ്ഞങ്ങാട് സബ്.കലക്ടർ അഹമ്മദ് സൂഫിയാൻ കോഴിക്കോട് ഫോറൻസിക് ലാബ് അധികൃതർക്ക് സന്ദേശമയച്ചതോടെ ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ 14ന് പുലർച്ചെയാണ് പൂച്ചക്കാട്ടെ പ്രവാസി വ്യാപാരിയായ എം.സി.അബ്ദുൾ ഗഫൂർ ഹാജിയെ അദ്ദേഹത്തിന്റെ വസതിയായ ബൈത്തുൽ റഹ്മയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം    ഹൃദയ സ്തംഭനം മൂലം ആകാമെന്ന ധാരണയിൽ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തിരുന്നു.

ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെയാണ് വീട്ടിൽ നിന്നും 600 പവനിലധികം സ്വർണ്ണാഭരണം കാണാതായ വിവരം ബന്ധുക്കളറിഞ്ഞത്. മകൾ, മകന്റെ ഭാര്യ, സഹോദരി എന്നിവരുടെ പക്കൽ നിന്നും ഗഫൂർ ഹാജി വാങ്ങിവെച്ച സ്വർണ്ണാഭരണങ്ങളാണ് കാണാതായത്.

ഇതോടെയാണ് ഇദ്ദേഹത്തിന്റെ  മകൻ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പോലീസിൽ പരാതി നൽകിയത്. ഈ പരാതിയെത്തുടർന്നാണ് ഗഫൂർ ഹാജിയുടെ മൃതദേഹം പൂച്ചക്കാട് പള്ളി ഖബർസ്ഥാനിൽ നിന്നും പുറത്തടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം  കണ്ടെത്താൻ കഴിയുകയുള്ളൂ. പരിശോധനാഫലം വൈകുന്നത് കേസന്വേഷണം നീളാൻ കാരണമായതിനെത്തുടർന്നാണ് ബേക്കൽ ഡി.വൈ.എസ്.പി. ആർ.ഡി.ഒ. കോടതിയെ സമീപിച്ചത്.

LatestDaily

Read Previous

സംഘ പരിവാറുമായി അടുപ്പം കൂടിയ ക്രൈസ്തവ നേതാക്കൾ വെട്ടിൽ

Read Next

മലഞ്ചരക്ക് കടയിൽ മദ്യവിൽപ്പന