കർണ്ണാടക തലവര മാറുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനമായ കർണ്ണാടക നിലനിർത്താൻ ബിജെപിയും, നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസും പോർക്കളത്തിലിറങ്ങിയതോടെ ഇന്ന് നടക്കുന്ന കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇരുപാർട്ടികൾക്കും നിർണ്ണായകമാകും.

കഴിഞ്ഞ പ്രാവശ്യത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കിലും, കോൺഗ്രസ് എംഎൽഏമാരെ പണം കൊടുത്ത് വശത്താക്കി തങ്ങളോടൊപ്പം ചോർത്താണ് ബിജെപി ജനവിധി അട്ടിമറിച്ച് കർണ്ണാടക ഭരണത്തിലേറിയത്. ഇക്കുറി കർണ്ണാടക ഭരണം തിരികെ പിടിക്കണമെന്ന വാശിയിലാണ് കോൺഗ്രസ്.

കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മാതൃസംസ്ഥാനമെന്ന നിലയിൽ കോൺഗ്രസിന് കർണ്ണാടക നിയമസഭാതെരഞ്ഞെടുപ്പ് നില നിൽപ്പിന്റെ കൂടി പ്രശ്നമാണ്. കർണ്ണാടകയിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ ഖാർഗെ പാർട്ടിയിലെ എതിർഗ്രൂപ്പുകാരോട് കണക്ക് പറയേണ്ടി വരും.

കോൺഗ്രസിനും ബിജെപിക്കും കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്സൽ കൂടിയാണ്. കർണ്ണാടക തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ കോൺഗ്രസിന് അത് പുതു ജീവൻ നൽകും. അതേസമയം, കർണ്ണാടക നില നിർത്താൻ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും രംഗത്തിറക്കി ബിജെപിയും ശക്തമായി രംഗത്തുണ്ട്. ബിജെപി നേതാവും മുൻമുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ സീറ്റ് തർക്കത്തെത്തുടർന്ന് കോൺഗ്രസ് പാളയത്തിലെത്തിയതും, പല ബിജെപി നേതാക്കളുടെയും കോൺഗ്രസിലേക്കുള്ള കൊഴിഞ്ഞുപോക്കും ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.

വർഗ്ഗീയ കാർഡിറക്കിയുള്ള രാഷ്ട്രീയക്കളികളാണ് ബിജെപി തെരഞ്ഞെടുപ്പിൽ പയറ്റിയത്. ദ കേരള സ്റ്റോറി എന്ന വിവാദ സിനിമയെ ചൂണ്ടിക്കാട്ടി മുസ്്ലീം വിദ്യേഷമുയർത്താനും പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. കർണ്ണാടകയിൽ വർഗ്ഗീയ  പ്രശ്നങ്ങൾക്ക് നേതൃത്വം നൽകുന്ന ബജ്്രംഗ് ദളിനെ നിയന്ത്രിക്കുമെന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം വർഗ്ഗീയമായി മുതലെടുക്കാനാണ് ഏറ്റവുമൊടുവിൽ ബിജെപി ശ്രമിച്ചത്.

ജെഡിഎസ് തംരഞ്ഞെടുപ്പ് രംഗത്തുണ്ടെങ്കിലും കർണ്ണാടകയിൽ ബിജെപിയും കോൺഗ്രസും  തമ്മിലാണ്  നേരിട്ടുള്ള മത്സരം. കർണ്ണാടകയിൽ പരാജയപ്പെടുകയാണെങ്കിൽ കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പി തിരിച്ചുവരാനാകില്ലെന്നാണ്  രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മുസ്്ലീം സംവരണ ത്തെക്കുറിച്ചുള്ള ബിജെപി നിലപാട് ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് ലഭിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. 224 നിയമസഭാ സീറ്റുകളിലേക്കാണ് കർണ്ണാടകയിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം മാത്രം ലഭിച്ചാൽ ഒരു കൂട്ടർക്കും ഇക്കുറി കർണ്ണാടകയിൽ അധികാരത്തിലേറാൻ സാധിക്കുകയില്ല.

കോൺഗ്രസിന് കേവലഭൂരിപക്ഷം ലഭിച്ചാൽ കഴിഞ്ഞ തവണ നടന്നതുപോലെ ബിജെപി കോൺഗ്രസ് എംഎൽഏമാരെ ചാക്കിട്ടുപിടിക്കുമെന്നുറപ്പ്. മെയ് 13-ന് വിധി പ്രഖ്യാപനം നടക്കുന്നതോടെ കർണ്ണാടക ആർക്കൊപ്പമാണെന്ന് വ്യക്തമാകും. സർവ്വേ പ്രവചനങ്ങളിലാണ് കോൺഗ്രസ്സിന്റെ ഏക പ്രതീക്ഷ

LatestDaily

Read Previous

കാഞ്ഞങ്ങാട് സൗത്തിൽ വീടിന് തീയിട്ടു

Read Next

സംഘ പരിവാറുമായി അടുപ്പം കൂടിയ ക്രൈസ്തവ നേതാക്കൾ വെട്ടിൽ