ഗഫൂർ ഹാജിയുടെ മരണം: പോലീസ് ഇരുട്ടിൽ തപ്പുന്നു

സ്വന്തം ലേഖകൻ

ബേക്കൽ: പ്രവാസി വ്യാപാരി പൂച്ചക്കാട്ടെ സി.എം. അബ്ദുൾ ഗഫൂർ ഹാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ തുടർ അന്വേഷണം ഇരുട്ടിൽ. ഗഫൂർ ഹാജിയുടെ പോസ്റ്റ്മോർട്ടത്തിന്റെ രാസപരിശോധനാ ഫലം വൈകുന്നതാണ് കേസന്വേഷണത്തിന് തടസ്സമായി നിൽക്കുന്നത്. അദ്ദേഹത്തിന്റെ മരണകാരണം എന്താണെന്ന് വ്യക്തമായാൽ മാത്രമേ കേസിന്റെ തുടരന്വേഷണം സാധ്യമാവുകയുള്ളു. ഫോറൻസിക്ക് ലബോറട്ടറിയിലേക്കയച്ച ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് ഇനിയും വൈകുമെന്നാണ് സൂചന.

കണ്ണൂർ, കാസർകോട് അടക്കമുള്ള ജില്ലകളിൽ ഫോറസിക്ക് പരിശോധനകൾക്കായി ലാബുകളില്ലാത്തതാണ് പോലീസ് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. ഫോറൻസിക്ക് പരിശോധനയ്ക്കായി അയച്ച സാമ്പിളുകൾ കോഴിക്കോട്ടെ ലാബിൽ കെട്ടിക്കിടക്കുകയാണ്. പരിശോധനയ്ക്കെത്തുന്ന സാമ്പിളുകളുടെ എണ്ണത്തിലുണ്ടാകുന്ന ആധിക്യമാണ് പരിശോധനാ ഫലം വൈകാൻ കാരണം.

ഏപ്രിൽ 14- ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം ഹൃദയസ്തംഭനം മൂലം മരിച്ചതാകുമെന്ന ധാരണയിലാണ് ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തത്. മരണത്തിന് പിന്നാലെയാണ് ഗഫൂർ ഹാജിയുടെ പക്കൽ സൂക്ഷിച്ചിരുന്ന 600 പവനോളം സ്വർണ്ണാഭരണങ്ങൾ നഷ്ട മായതായി കണ്ടെത്തിയത്. ഇതോടെയാണ് മരണകാരണത്തിൽ ദുരൂഹത ഉയർന്നത്.

ഗഫൂർ ഹാജിയുടെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് രാസപരിശോധനയിലൂടെ തെളിഞ്ഞാൽ പോലീസിന് പകുതി പണി കുറഞ്ഞു കിട്ടുമെങ്കിലും വീട്ടിൽ നിന്നും കാണാതായ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വഴി കണ്ടെത്തേണ്ടതുണ്ട്. കൂളിക്കുന്ന് സ്വദേശിനിയായ ജിന് സി.എച്ച്. ഷെമീന 34, ഗഫൂർ ഹാജിയുടെ വീട്ടിലെ സന്ദർശകയായിരുന്നുവെന്ന്  കണ്ടെത്തിയ സാഹചര്യത്തിൽ പോലീസ് ഷെമീനയേയും ചോദ്യം ചെയ്തിരുന്നു.

ഹണിട്രാപ്പ് കേസിൽ പ്രതിയായിരുന്ന ഷെമീനയ്ക്ക് അബ്ദുൾ ഗഫൂർ ഹാജിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.ഹാജിയുടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതായി ബേക്കൽ ഡി.വൈ.എസ്.പി, സി.കെ. സുനിൽ കുമാർ വ്യക്തമാക്കി.

രാസപരിശോധനാ ഫലം ലഭിക്കാൻ താമസം നേരിടുന്ന സാഹചര്യത്തിൽ ഗഫൂർ ഹാജിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണവും നീളും. നിലവിലെ സാഹചര്യത്തിൽ ഫോറൻസിക്ക് പരിശോധനാ ഫലം ലഭിക്കാനായി മൂന്ന് മാസത്തോളം വൈകുമെന്നാണ് സൂചന. കോടികളുടെ സ്വർണ്ണാഭരണങ്ങൾ കൂടി നഷ്ടപ്പെട്ട സംഭവമായതിനാൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താൻ ഫോറൻസിക്ക് പരിശോധന പെട്ടെന്ന് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LatestDaily

Read Previous

റെയ്ഡ് ഭയന്ന് ഹോട്ടലിൽ നിന്നും ചാടിയ അസം യുവതിക്ക് പരിക്ക്

Read Next

എംഡിഎംഏ ;ഓട്ടോ ഡ്രൈവർ പിടിയിൽ