ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഓൺലൈൻ മാധ്യമങ്ങൾക്ക് മൂക്കുകയറിടാനുള്ള കേന്ദ്രസർക്കാർ നീക്കം പടിപടിയായുള്ള മാധ്യമ സെൻസറിങ്ങിന്റെ പ്രാരംഭ നടപടികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴിയുള്ള വിനോദ പരിപാടികൾക്കും വാർത്താ പ്രചരണത്തിനുമാണ് കേന്ദ്രസർക്കാരിന്റെ പൂട്ട് വീഴുന്നത്. അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിലും, ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ ന്യൂസ് ബ്രോഡ് കാസ്റ്റിങ്ങ് അസോസിയേഷനും, സിനിമയിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സെൻസർ ബോർഡും പ്രവർത്തിക്കുന്ന രാജ്യത്താണ് ഓൺലൈൻ മാധ്യമങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ മൂക്കുകയറിടുന്നത്.
ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്ത അടിസ്ഥാന അവകാശങ്ങളിലൊന്നായ അഭിപ്രായ സ്വാതന്ത്ര്യത്തിനാണ് ഓൺലൈൻ മാധ്യമങ്ങളുടെ നിരോധനം വഴി കേന്ദ്രസർക്കാർ കത്തിവെക്കുന്നതെന്ന് പറയേണ്ടി വരും. പതിയെ ഈ നിയന്ത്രണം മുഖ്യധാരാ മാധ്യമങ്ങളുടെ മേലും ഏർപ്പെടുത്തിയാൽ അതിശയിക്കേണ്ടതില്ലെന്നാണ് കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ വ്യക്തമാകുന്നത്.
അടിയന്തരാവസ്ഥയിൽ പത്രങ്ങൾക്കും ദൃശ്യ– മാധ്യമങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് സമാനമായ രീതിയിൽ തന്നെയാണ് ഓൺലൈൻ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. ഭരണകൂടത്തിന് മുന്നിൽ ഓച്ഛാനിച്ച് നിന്ന് സ്തുതിഗീതങ്ങൾ രചിക്കാത്ത മാധ്യമങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും മേൽ ഭരണയന്ത്രത്തിന്റെ നീരാളിക്കൈകൾ പിടിമുറുക്കുന്നതിന്റെ സൂചനയാണ് ഓണ്ലൈൻ മാധ്യമ നിയന്ത്രണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തീവ്രഹിന്ദുത്വ നിലപാടുകളെ വിമർശിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയും സർക്കാരിനെ എതിർക്കുന്ന തരത്തിൽ വാർത്തകൾ പുറത്തുവിടുന്ന ഓൺലൈൻ വാർത്താ പോർട്ടലുകളെയും നിലയ്ക്ക് നിർത്താനാണ് ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്ന സംശയത്തിന് പ്രസക്തിയുണ്ട്. എതിർപ്പിന്റെ ഏത് സ്വരങ്ങളെയും അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ എതിർക്കപ്പെടേണ്ടത് തന്നെയാണ്.
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ പ്രകാരം പത്രങ്ങളും വാർത്താ മാധ്യമങ്ങളും ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യുട്ടീവ് എന്നിയാണ് ജനാധിപത്യത്തിലെ മറ്റ് തൂണുകൾ. ഭരണവ്യവസ്ഥയിലെയും, നീതിന്യായ വ്യവസ്ഥയിലെയും, നിയമനിർമ്മാണ സംവിധാനത്തിലെയും പാളിച്ചകളെ പുറത്തുകൊണ്ട് വന്ന് തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട ബാധ്യതയാണ് മാധ്യമങ്ങളുടേത്.
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യയെപ്പോലെ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന രാജ്യത്ത് ജനാധിപത്യത്തെ എത്രമാത്രം ദുർബ്ബലപ്പെടുത്തുമെന്ന് ഭരണാകാരികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നതിന് പകരം എതിർപ്പിന്റെ സ്വരങ്ങളെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കുന്നത് ഫാസിസിറ്റ് രീതി തന്നെയാണെന്നതിൽ സംശയമില്ല.
മാധ്യമങ്ങൾക്ക് മൂക്കുകയറിടുമ്പോൾ അറിയാനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ കൂടിയാണ് ഇല്ലാതാക്കുന്നത്. സത്യത്തെ എത്ര മൂടിവെച്ചാലും അത് എപ്പോഴെങ്കിലും പുറത്തു വരുമെന്നതിന് ചരിത്ര സാക്ഷ്യങ്ങളുണ്ട്. അതിനാൽ മാധ്യമങ്ങളെ മൂക്കുകയറിട്ട് നിയന്ത്രിച്ചാലും ഒളിപ്പിച്ചു വെച്ച സത്യങ്ങൾ ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും.