ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നിൽ ഹണിട്രാപ്പ് സംശയം

സ്വന്തം ലേഖകൻ

പള്ളിക്കര: പൂച്ചക്കാട് പ്രവാസി വ്യാപാരി പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂർ ഹാജിയുടെ ദുരൂഹ മരണത്തിലെ സംശയങ്ങൾ കുരുക്കഴിക്കാനാകാത്ത വിധം മുറുകിക്കിടക്കുന്നു. ഗഫൂർ ഹാജി ഹണി ട്രാപ്പിലകപ്പെട്ടിരിക്കാമെന്ന സംശയമാണ് ബലപ്പെട്ടുവരുന്നത്. ഹാജിയുടെ വീട്ടിൽ സന്ദർശകയായിരുന്ന വിവാദ ജിന്നുമ്മ നിരവധി തട്ടിപ്പുകളിലുൾപ്പെട്ട യുവതിയാണ്.

കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ വർഷങ്ങൾക്ക് മുമ്പ് കാസർകോട് ചൗക്കിയിലേക്ക് കൊണ്ടുപോയി ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിലും, ഉദുമ സ്വദേശിയുടെ 16 പവൻ തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മയെന്നറിയപ്പെടുന്ന യുവതി പ്രതിസ്ഥാനത്താണ്.

കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി വലയിൽപ്പെടുത്തി വശീകരിച്ച് കാസർകോട്ടെത്തിച്ച ശേഷം ഭീഷണിപ്പെടുത്തി വസ്ത്രമഴിപ്പിച്ച് ഫോട്ടോയെടുത്ത് ചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ 30ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ മാങ്ങാട് കുളിക്കുന്നിലെ ജിന്നുമ്മ പ്രതിയാണ്.

സമാനമായ രീതിയിലുള്ള തട്ടിപ്പാണ് അബ്ദുൾ ഗഫൂർ ഹാജിക്കെതിരെയുണ്ടായതെന്ന് നാട്ടുകാർ സംശയിക്കുന്നു. ഹാജിയുടെ വീട്ടിൽ നിന്നും കാണാതായ 600 പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തത് കൂളിക്കുന്ന് സ്വദേശിനിയാണെന്നും നാട്ടുകാർ ഉറച്ച് വിശ്വസിക്കുന്നു. സംഭവത്തിൽ ഒന്നിൽക്കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിരിക്കാമെന്നും സംശയമുണ്ട്.

വിവാദ ജിന്നിന്റെ വീട് രണ്ട് ദിവസം മുമ്പ് ബേക്കൽ ഡി.വൈ.എസ്.പി. സി.കെ.സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ റെയ്ഡ് ചെയ്തിരുന്നു.വീട്ടിൽ നിന്നും ചില രേഖകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഗഫൂർ ഹാജിയുടെ വീടുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ജിന്ന് യുവതിക്ക് കുറ്റകൃത്യങ്ങളിലേർപ്പെട്ട റിക്കോർഡുള്ളതിനാൽ സംശയത്തിന്റെ കുന്തമുനകൾ തിരിയുന്നത് യുവതിയുടെ നേർക്ക് തന്നെയാണ്.

ഗഫൂർ ഹാജിയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്ത റിപ്പോർട്ട് പോലീസിന് ഇനിയും ലഭിച്ചിട്ടില്ല. മരണ കാരണം ഹൃദയസ്തംഭനമാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല. ഹണിട്രാപ്പ്, മോഷണം  മുതലായ കുറ്റകൃത്യങ്ങളിലുൾപ്പെട്ടിട്ടുള്ള കൂളിക്കുന്നിലെ യുവതി ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്.

LatestDaily

Read Previous

റിട്ട. ഡിവൈഎസ്പിയുടെ പേരിൽ മാനഭംഗ ശ്രമത്തിന് കേസ്സ്

Read Next

ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ ഇനി ബസുകൾ കയറ്റില്ലെന്ന് ബസ് ഉടമസ്ഥ സംഘടന