ഭവന പുനരുദ്ധാരണ പദ്ധതിയിൽ അഴിമതി

സ്വന്തം ലേഖകൻ

രാവണീശ്വരം: രാവണീശ്വരം സെറ്റിൽമെന്റ് സ്ക്കീം കേളനി വികസന പുനരുദ്ധാരണ പദ്ധതിയിൽ അഴിമതി നടന്നതായി കോളനിവാസികളുടെ പരാതി. 2016-17 കാലയളവിൽ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം.എൽ.ഏ, ഇ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയിലാണ് അഴിമതി നടന്നതായി കോളനി നിവാസികൾ ആരോപിക്കുന്നത്.

കോളിനിയിലെ 33 കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. വീടുകൾക്ക് ടൈൽസ് പാകുന്നതടക്കമുള്ളതാണ് പുനരുദ്ധാരണ പദ്ധതി. പദ്ധതി നിർവ്വഹണം ഏറ്റെടുത്തത് നിർമ്മിതി കേന്ദ്രമായിരുന്നു. പുനരുദ്ധാരണ പ്രവൃത്തിയിൽ വ്യാപകമായ ക്രമക്കേടുണ്ടായെന്നാണ് കോളനി നിവാസികളുടെ ആരോപണം.

വീടുകളിൽ പാകിയ ടൈൽസുകൾ ഗുണനിലവാരമില്ലാത്തവയാണെന്നാണ് ഗുണഭോക്താക്കൾ പരാതിപ്പെടുന്നത്. പൂഴിക്ക് പകരം കരിങ്കൽപ്പൊടിയുപയോഗിച്ചാണ് ടൈൽസുകൾ പാകിയതെന്നും ഇവർ ആരോപിക്കുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസറാണ് പദ്ധതിയുടെ നിർവ്വഹണോദ്ധ്യോഗസ്ഥൻ.

അജാനൂർ പഞ്ചായത്ത് രണ്ടാം വാർഡിലുൾപ്പെട്ടതാണ് രാവണേശ്വരം സെറ്റിൽമെന്റ് സ്ക്കീം കോളനി. പദ്ധതി നിർവ്വഹണത്തെക്കുറിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർക്ക് നല്കിയ വിവരാവകാശ അപേക്ഷയിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് കോളനി നിവാസികൾ പരാതിപ്പെട്ടു.

ഭവന പുനരുദ്ധാരണ പദ്ധതിയുടെ കണക്കുകളെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് കണക്കുകൾ  ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് വിവരാവകാശ ഓഫീസർ നൽകിയത്. തങ്ങൾക്കനുവദിച്ച 1കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവിടണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. പദ്ധതിയിൽ അഴിമതി നടന്നിട്ടുള്ളതായി സംശയമുള്ളതിനാൽ അതെക്കുറിച്ചും അന്വേഷണം വേണമെന്ന് രാവണീശ്വരം സെറ്റിൽമെന്റ് സ്ക്കീം കോളനി നിവാസികൾ ആവശ്യപ്പെട്ടു.

LatestDaily

Read Previous

എം.പിയുടെ തറക്കല്ലിടൽ ചടങ്ങിന് ഡിസിസി പ്രസിഡന്റിന്റെ ഉടക്ക്

Read Next

റിട്ട. ഡിവൈഎസ്പിയുടെ പേരിൽ മാനഭംഗ ശ്രമത്തിന് കേസ്സ്