ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു

സ്വന്തം ലേഖകൻ

പള്ളിക്കര: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി അബ്ദുൾ ഗഫൂർ ഹാജിയുടെ മൃതദേഹം പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം ചെയ്തു. ഇന്ന് രാവിലെ 9 മണി മുതൽ 11 മണിവരെ നീണ്ടുനിന്ന പോസ്റ്റ്മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജ്ജൻ ഡോ. സരിത എസ്.ആർ. നേതൃത്വം നൽകി.

ആർഡിഒ സൂഫിയാൻ അഹമ്മദിന്റെ സാന്നിധ്യത്തിലാണ് പൂച്ചക്കാട് വലിയ ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ബേക്കൽ ഡിവൈഎസ്പി സി.കെ. സുനിൽ കുമാർ, പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആൾക്കാരാണ് പൂച്ചക്കാട് വലിയ ജുമാഅത്ത് പള്ളി പരിസരത്തെത്തിയത്. ഏപ്രിൽ 14-ന് പുലർച്ചെയാണ് ഗഫൂർ ഹാജിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതാകാമെന്ന ധാരണയിലാണ് ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചത്. വീട്ടിൽ നിന്നും 600 പവനിലധികം സ്വർണ്ണാഭരണം കാണാതായതിനെത്തുടർന്നാണ് ഗഫൂർ ഹാജിയുടെ മകൻ പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബേക്കൽ പോലീസിൽ പരാതി നൽകിയത്.

പ്രസ്തുത പരാതിയിൽ  ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ  തുടർ നപടിയായാണ്  ഗഫൂർ ഹാജിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത്  പോസ്റ്റ്മോർട്ടം ചെയ്തത്.

LatestDaily

Read Previous

മരണം നടന്ന രാത്രി ഗഫൂർ ഹാജിയുടെ വീട്ടിലെ ക്യാമറ ഓഫ് ചെയ്തുവെച്ചു

Read Next

അമ്പലത്തറ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ തുടങ്ങി