നഗരസഭ വാർഡ് 17-ലും 18-ലും പോരാട്ടം തീപാറും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ ഇത്തവണ വാർഡ് 17-ലും 18-ലും പോരാട്ടം തീപാറും. നഗരസഭ മുൻ ചെയർമാൻ വി. വി. രമേശൻ ഇതിനകം വോട്ടഭ്യർത്ഥിച്ചു തുടങ്ങിയ മാതോത്ത് വാർഡാണ് നമ്പർ 17. കഴിഞ്ഞ 20 വർഷക്കാലമായി കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ നിലനിർത്തിപ്പോരുന്ന ഈ വാർഡ് 2010-ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി സിപിഎമ്മിലെ എം. മാധവൻ പിടിച്ചെടുക്കുകയായിരുന്നു.

2015-ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഉഷ വാർഡ് നിലനിർത്താനുണ്ടായ കാരണം,  രണ്ട് റിബൽ സ്ഥാനാർത്ഥികളായ വനിതകൾ ഈ വാർഡിൽ തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ ഉറച്ചു നിന്നതുമൂലമാണ്. കോൺഗ്രസ്സ് റിബൽ സൗത്തിലെ സുമതി അന്ന് 90 വോട്ടുകൾ നേടിയപ്പോൾ, മറ്റൊരു സ്വതന്ത്ര, സൂര്യപ്രഭ 60 വോട്ടുകൾ കരസ്ഥമാക്കി.


150 വോട്ടുകൾ റിബലുകളുടെ പെട്ടിയിൽ വീണപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി ലോക്താന്ത്രിക് ജനതാദൾ സ്ഥാനാർത്ഥി പരാജയപ്പെടുകയും, സിപിഎമ്മിലെ ഉഷ വിജയിക്കുകയും ചെയ്തു. ഇത്തവണ ഇടതുമുന്നണി വി. വി. രമേശനെ ഗോദയിലിറക്കും മുമ്പ്, ഈ വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി റിട്ട. എക്സൈസ് ജീവനക്കാരൻ ലക്ഷ്മണനെ ഏ- വിഭാഗത്തിൽപ്പെട്ട ചില കോൺഗ്രസ്സ് പ്രാദേശിക നേതാക്കൾ ധൃതിപ്പെട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

ലക്ഷ്മണൻ വാർഡിലിറങ്ങി വോട്ടർമാരെ കണ്ടുതുടങ്ങിയപ്പോഴാണ്, ഇന്നലെ ഈ വാർഡിലുള്ള പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തകർ ശ്രീനാരായണ സ്കൂളിൽ യോഗം ചേർന്ന് പുതിയൊരു സ്ഥാനാർത്ഥി പി. വി. രവീന്ദ്രൻ നായരെ പ്രഖ്യാപിച്ചത്. ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത രവീന്ദ്രൻ നായർ പെരിയ സ്വദേശിയാണ്. വർഷങ്ങളായി മാതോത്ത് വാർഡ് 19-ലാണ് താമസം. രവീന്ദ്രൻ നായരെ പ്രഖ്യാപിച്ച യോഗത്തിൽ മുൻ എംഎൽഏ, കെ. പി. കുഞ്ഞിക്കണ്ണൻ, യുഡിഎഫ് ജില്ലാ കൺവീനർ ഏ. ഗോവിന്ദൻ നായർ, മുൻ കൗൺസിലർ എം. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

ഐ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയെ പാർട്ടി ഔദ്യോഗിക നേതൃത്വം ഇന്നലെ പ്രഖ്യാപിച്ചതോടെ ഏ വിഭാഗം ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി, ലക്ഷ്മണൻ ഈ വാർഡിൽ മൽസര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് ലക്ഷ്മണനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ തീരുമാനം. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ലക്ഷ്മണൻ വാർഡിൽ മൽസരിക്കാനിറങ്ങിയാൽ, അദ്ദേഹത്തിനെതിരെ പാർട്ടി നടപടി ഉറപ്പാകും.
തൽസമയം, വി. വി. രമേശനെ ഉയർത്തിക്കാട്ടിയും, കളത്തിലിറക്കിയും ഇത്തവണ നഗരസഭ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതു മുന്നണിയും, പ്രബലകക്ഷി സിപിഎമ്മും തീരുമാനിച്ചിട്ടുള്ളത്.

ലക്ഷ്മണൻ കളം വിടാതെ ഉറച്ചു നിന്നാൽ അദ്ദേഹം അൽപ്പം വോട്ടുപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങിനെ വന്നാൽ മറുപക്ഷത്ത് രമേശന്റെ വിജയം ഉറപ്പായിത്തീരുകയും ചെയ്യും.  വാർഡ് 18 നിലാങ്കര ആറങ്ങാടി പ്രദേശത്ത് ഇത്തവണ മുസ്ലീ ലീഗിലെ ടി. റംസാൻ തന്നെയായിരിക്കും സ്ഥാനാർത്ഥി.

റംസാൻ ഇത് രണ്ടാം തവണയാണ് അങ്കത്തിനിറങ്ങുന്നതെങ്കിലും, ഈ വാർഡിൽ ലീഗിൽ ഏഴുപേർ സ്ഥാനാർത്ഥിത്വം അവകാശപ്പെട്ട് രംഗത്തുണ്ട്. അതിൽ ലീഗ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ള ആൾ അസീസ് ആറങ്ങാടിയാണ്.  എക്സൈസ് വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത അസീസ് നിലാങ്കര വാർഡിൽ സുപരിചിതനാണെങ്കിലും, ലീഗ് രാഷ്ട്രീയത്തിൽ സജീവമല്ല.

2010-ൽ ഈ വാർഡിൽ വിജയിച്ച ടി. റംസാൻ ഏറെക്കാലം കർണ്ണാടകയിൽ താമസിച്ച കാര്യം അസീസ് അനുകൂലികൾ എടുത്തു കാട്ടിക്കഴിഞ്ഞു.  1300 വോട്ടർമാരുള്ള വാർഡാണ് നമ്പർ -18. യുഡിഎഫിന് ഭൂരിപക്ഷമുള്ള വാർഡിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മീരടീച്ചർ 40 വോട്ടുകൾക്ക് ജയിച്ചുകയറിയതിനാൽ, തങ്ങളുടെ കോട്ടയണെന്ന് മുസ്ലീം ലീഗ് അവകാശപ്പെടുന്ന നിലാങ്കര വാർഡ് 18-ൽ സുസമ്മതനായ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്തി വാർഡ് നിലനിർത്താനുള്ള നീക്കത്തിലാണ് ഇടതുമുന്നണി. ഒപ്പം ഐഎൻഎലും രംഗത്തുണ്ട്.


നഗരത്തിൽ എങ്ങിനെയും ഒരു തുടർഭരണം സാധ്യമാക്കാൻ ഇടതുമുന്നണി വാളും പരിചയുമേന്തി അങ്കക്കളത്തിലിറങ്ങാൻ ഒരുങ്ങിയപ്പോൾ, മുസ്ലീം ലീഗിന്റെ കൈയ്യിൽ നിന്ന് കഴിഞ്ഞ തവണ വഴുതിപ്പോയ നഗരഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ലീഗും കോൺഗ്രസ്സും അണിയറയിൽ ഒരുക്കു കൂട്ടുന്നുമുണ്ട്.

LatestDaily

Read Previous

ഖമറുദ്ദീൻ നിഷ്കളങ്കൻ ചമയുന്നു

Read Next

ഉപേക്ഷിച്ച കാറിൽ നിന്നും കുഴൽപ്പണം പിടികൂടി