ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റംസാൻ വ്രതാനുഷ്ഠാനങ്ങൾ അവസാന പത്തിലേക്ക് കടക്കാനിരിക്കെ ചെറിയ പെരുന്നാളിന് സുഗന്ധം പൂശാൻ അത്തർ വിപണി സജീവമായി. പെരുന്നാളിന് സുഗന്ധം പൂശുകയെന്നത് ആചാരമായതിനാൽ അത്തറിന് ആവശ്യക്കാരേറെ. പെരുന്നാളിന് ചന്തം ചാർത്താനുള്ള തൊപ്പികളും വിപണിയിൽ സുലഭം.
മുഹമ്മദ് നബി പോലും സുഗന്ധദ്രവ്യങ്ങൾ പൂശിയിരുന്നതായി വിശ്വാസമുണ്ട്. അതിനാൽ തന്നെ റംസാൻ വിപണിയിൽ ചെറിയ പെരുന്നാളിനോടടുക്കും തോറും സുഗന്ധ ദ്രവ്യങ്ങൾക്ക് ആവശ്യക്കാരേറെയാണ്. നാനൂറോളം വ്യത്യസ്ത ഇനങ്ങളിലുള്ള സുഗന്ധ ദ്രവ്യങ്ങൾ വിപണിയിലുണ്ടെന്ന് കാഞ്ഞങ്ങാട് നയാബസാറിലെ സുഗന്ധദ്രവ്യ വ്യാപാരി അബ്ദുൾ റസാഖ് പറയുന്നു.
നൂറ് രൂപ മുതൽ 15000 രൂപ വരെ വിലവരുന്ന സുഗന്ധ ദ്രവ്യങ്ങൾ വിപണിയിൽ ലഭ്യമാണ്. നിസ്ക്കാരത്തൊപ്പികളുടെ തളങ്കരപ്പെരുമ അന്യം നിന്നതോടെ മുംബൈയിൽ നിന്നെത്തുന്ന ഒമാൻ തൊപ്പികളാണ് തൊപ്പി വിപണി കയ്യടക്കിയിരിക്കുന്നത്. പെരുന്നാളിന് മൊഞ്ചേറ്റുന്ന വിവിധ തരം മൈലാഞ്ചികൾ ഉപ്പളയിൽ നിന്നാണ് വിപണിയിലെത്തുന്നത്.
അസമിൽ നിന്നെത്തുന്ന ഊദിന്റെ ഗന്ധം പെരുന്നാൾ വിപണിയെ സുഗന്ധം കൊണ്ട് നിറച്ചിട്ടുണ്ട്. വീടുകൾ സുഗന്ധ പൂരിതമാക്കുന്ന ബക്കൂറുകൾ നിസ്ക്കരിക്കാനുള്ള മുസല്ലകൾ എല്ലാം വിപണിയിൽ സുലഭം. കാസർകോടിന്റെ പെരുമ കടൽ കടത്തിയ തളങ്കര തൊപ്പിയുടെ നിർമ്മാണം നിലച്ചതോടെ തൊപ്പി വിപണിയിലെ തളങ്കരപ്പെരുമ ഇല്ലാതായിരിക്കുകയാണ്.