പുത്തൂരടുക്കം കൊലക്കേസിൽ അമ്മയും മകനും റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പാണത്തൂർ പനത്തടി പുത്തൂരടുക്കം  ബാബു വധക്കേസിൽ ഭാര്യയും മകനും റിമാന്റിൽ. ബാബുവിനെ കൊന്നത് ഭാര്യ സീമന്തിനിയും മകൻ സബിനും 19, ചേർന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ ഇരുവരെയും കഴിഞ്ഞ ദിവസം രാജപുരം പോലീസ് ഇൻസ്പെക്ടർ കെ.കൃഷ്ണന്റെ നേതൃത്തിലാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പുത്തൂരടുക്കത്തെ പി.വി.ബാബുവിനെ 54, വീടിന് സമീപം മരിച്ച നിലയിൽ കണ്ടത്തിയത്. തന്നെ വധിക്കാനുള്ള ശ്രമത്തിനിടെ ബാബു മരിച്ചതായാണ് ഭാര്യ സീമന്തിനി ആദ്യഘട്ടത്തിൽ പ്രചാരണം നടത്തിയിരുന്നത്. സീമന്തിനിയുടെ മൊഴിയിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് രാജപുരം പോലീസ് ഇൻസ്പെക്ടർ കെ.കൃഷ്ണൻ നടത്തിയ അന്വേഷണമാണ് കൊലക്കേസിന് തുമ്പുണ്ടാക്കിയത്.

സീമന്തിനിയും മകൻ സബിനും ചേർന്ന് ബാബുവിനെ അടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ 4 വാരിയെല്ലുകൾ ഹൃദയത്തിൽ തുളച്ചുകയറിയതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അടിയേറ്റ് മരിച്ച ബാബുവിന്റെ ദേഹത്തെ ചോരപ്പാടുകൾ കഴുകിത്തുടച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് തെളിവ് നശിപ്പിക്കാനും സീമന്തിനിയും മകനും ശ്രമിച്ചിരുന്നു.

മദ്യപിച്ച് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ബാബുവിന്റെ ശല്യം ഒഴിവാക്കാണ് സീമന്തിനിയും കോളേജ് വിദ്യാർത്ഥിയായ മകൻ സബിനും ചേർന്ന് അദ്ദേഹത്തെ തല്ലിക്കൊന്നത്. ഭർത്താവ് ആക്രമിച്ചതായി ആരോപിച്ച് സീമന്തിനിയും ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ബാബുവിനെ സീമന്തിനി കൊന്നതാണെന്ന് തെളിഞ്ഞതോടെ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൽ മകന്റെ പങ്കാളിത്തം കൂടി വ്യക്തമായത്.

ഇതോടെ ബാബുവിന്റെ മകൻ സബിനെക്കൂടി കൊലക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.   അറസ്റ്റിലായ ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാന്റിൽ വെക്കാൻ ഉത്തരവിട്ടു.

LatestDaily

Read Previous

44 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിൽ

Read Next

മയക്കുമരുന്നുമായി കർണ്ണാടക യുവാക്കൾ പിടിയിൽ