സ്വന്തം ലേഖകൻ
കാസർകോട്: വിവാഹാവശ്യത്തിന് വാങ്ങിയ കാർ കൈമാറിയെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കാസർകോട് പോലീസ് 3 പേർക്കെതിരെ കേസെടുത്തു. തളങ്കര സീനത്ത് നഗർ ഫൗസിയാ മൻസിലിൽ എം.ഏ അബ്ദുൾ ജലീൽ 37, കാസർകോട് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
മേൽപ്പറമ്പ് സ്വദേശി റഫീഖ് 45, കുടക് കുശാൽനഗർ സോമാർപേട്ടിലെ ബഷീർ 30, സോമാർപേട്ട കാരേക്കാട് ഹനീഫ് 45 എന്നിവർക്കെതിരെയാണ് കാസർകോട് പോലീസ് കേസെടുത്തത്. അബ്ദുൾ ജലീലിന്റെ കെ.എൽ 14 വി 1331 ഇന്നോവ ക്രിസ്റ്റ കാർ ബഷീറിന്റെ മകളുടെ കല്യാണാവശ്യത്തിനെന്ന വ്യാജേനയാണ് മേൽപ്പറമ്പ് സ്വദേശിയായ റഫീഖ് കൊണ്ടുപോയത്. പ്രസ്തുത കാർ ഇരുവരും ചേർന്ന് ഹനീഫിന് കൈമാറിയെന്നാണ് പരാതി.