വധശ്രമക്കേസിൽ നാലു പേർ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പുല്ലൂർ കൊടവലം സ്വദശിയെ മാവുങ്കാൽ നെല്ലിത്തറയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽക്കഴിഞ്ഞിരുന്ന നാല് പേർ കൂടി പോലീസ് പിടിയിലായി. പുല്ലൂർ കൊടവലത്തെ പ്രവാസി ചന്ദ്രനെ മാർച്ച് 17-ന് നെല്ലിത്തറയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലുൾപ്പെട്ട നാലു പേരെയാണ് ഹോസ്ദുർഗ് പോലീസ്ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വാഴക്കോട് ശിവാജി നഗർ കുരിക്കൾ ഹൗസിൽ കെ. അശോകന്റെ മകൻ, കെ. അജിത് 29,  ബല്ല മുത്തപ്പൻതറ കല്ല്യാണം നീരുക്കിൽ ഹൗസിൽ ഒ. സുരേഷിന്റെ മകൻ എൻ മനുരാജ് 27, മുക്കൂട് കണ്ണോത്ത് ഹൗസിൽ കൃഷ്ണന്റെ മകൻ അമ്പു എന്ന നിധീഷ് ടി. 29, മുത്തപ്പൻതറ കല്ല്യാണത്തെ ജനാർദ്ദനന്റെ മകൻ എച്ച്.ജെ. അനുരാജ് 32, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ഒന്നാംപ്രതിയായ അജിത്തിന് ചന്ദ്രനുമായുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് കാരണം. അജിത്തിന്റെ ബർദുബായിലെ ഗോഡൗണിൽ നിന്നും ദുബായ് പോലീസ് മദ്യം പിടികൂടിയ സംഭവത്തിൽ അജിത്ത് നാലു മാസം  ദുബായ് ജയിലിൽ കഴിഞ്ഞിരുന്നു. ചന്ദ്രൻ ഒറ്റുകൊടുത്തതിന്റെ ഫലമായാണ് പോലീസ് മദ്യം പിടിച്ചതെന്ന തെറ്റിദ്ധാരണയാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

മാർച്ച് 17-ന് ചന്ദ്രന്റെ നീക്കങ്ങൾ മനസ്സിലാക്കി പിന്തുടർന്നാണ് അജിത്തിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം മാവുങ്കാൽ നെല്ലിത്തറയിൽ ചന്ദ്രനെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമണത്തിൽ ചന്ദ്രന്റെ ഭാര്യ രമ്യയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിലെ രണ്ട് പ്രതികളെ യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വൈശാഖിന്റെ വീട്ടിൽ നിന്നാണ് ഹോസ്ദുർഗ്ഗ് ഐപിയും നേരത്തെ സംഘവും പിടികൂടിയത്. ഇവർ റിമാന്റിലാണ്. പിടിയിലായ നാലുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

മണൽക്കടത്ത് വ്യാപകം

Read Next

പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് കേസ്