ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നീലേശ്വരം രാജാറോഡിലെ കെ.എം.കെ ജ്വല്ലറി തുരന്ന് കവർച്ചയ്ക്ക് ശ്രമിച്ചത് പ്രൊഫഷണൽ സംഘം. സംഘത്തിന്റെ കവർച്ച ദൗത്യം വിജയിച്ചിരുന്നുവെങ്കിൽ പത്ത് വർഷം മുൻപ് കാഞ്ഞങ്ങാട്ടു നടന്ന രാജധാനി ജ്വല്ലറി കവർച്ചയ്ക്ക് സമാനമായ കവർച്ചയ്ക്ക് നീലേശ്വരം സാക്ഷ്യം വഹിക്കുമായിരുന്നു. കെ.എം.കെ ജ്വല്ലറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ മുഖമുൾപ്പെടെ മറച്ച രണ്ട് കവർച്ചക്കാരെത്തുന്നതിന്റെ ദൃശ്യമുണ്ട്. രാത്രി 11–30 ന് ഇരുവരും ജ്വല്ലറി പരിസരത്തെത്തുന്നു.
കെട്ടിടത്തിന്റെ മുകൾനിലയിലെത്തിയ കവർച്ചക്കാർ പെൻഷൻ യൂണിയൻ ഓഫീസിന്റെ ഷട്ടർ പൊളിച്ച് അകത്തുകടക്കുന്ന ദൃശ്യമാണുള്ളത്. പെൻഷൻ യൂണിയൻ ഓഫീസിനകത്തെത്തിയ ശേഷം ജ്വല്ലറിയിലേക്ക് വലിയ ഗ്യാസ് കട്ടറുപയോഗിച്ച് തുരങ്കമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. രാത്രി 11–30 മണിക്ക് ആരംഭിച്ച് പുലർച്ചെ 4 മണി വരെ നാലര മണിക്കൂർ സമയം കെട്ടിടത്തിന്റെ കീഴെ ഭാഗത്തേക്ക് തുരക്കാൻ കവർച്ചാസംഘം ശ്രമിച്ചിട്ടും കാൽഭാഗം തുരങ്കമുണ്ടാക്കാൻ മാത്രമെ പ്രതികൾക്ക് കഴിഞ്ഞുള്ളൂ. പുലരും വരെ നിന്നാൽ പിടി വീഴുമെന്ന ഘട്ടമെത്തിയപ്പോഴാണ് പ്രതികൾ ശ്രമമുപേക്ഷിച്ച് മടങ്ങിയത്. സംഘം വാഹനത്തിലെത്തിയത് സംബന്ധിച്ച് സൂചനകളൊന്നും സിസിടിവിയിലില്ല. ജ്വല്ലറി പരിസരം ഓവർ ബ്രിഡ്ജാണ്. ഇരുൾവീണ ഭാഗത്ത് വാഹനം നിർത്തി കവർച്ചക്കാർ നടന്നാണ് കെട്ടിടത്തിലെത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
ജ്വല്ലറി പരിസരങ്ങളും മുൻകൂട്ടി മനസിലാക്കിയ പ്രഫഷണൽ കവർച്ചാസംഘമാണ് ജ്വല്ലറിയിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കൊള്ളയടിക്കാനെത്തിയത് പോലീസ് ഉറപ്പിച്ചു. രാജാറോഡിലെ മറ്റ് സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ കൂടി പരിശോധിക്കും. കവർച്ചക്കാരുടെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. അടുത്തിടെ സംസ്ഥാനത്ത് സമാനരീതിയിൽ കവർച്ചകൾ നടത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് പോലീസന്വേഷണം. ജ്വല്ലറി പരിസരത്ത് നിന്നും പ്്ളാസ്റ്റിക്ക് കവർ പരിശോധിച്ചതിൽ മൂന്ന് വിരലടയാളങ്ങൾ ലഭിച്ചു. കവർച്ചക്കാർ കൈയുറകൾ ധരിച്ചിട്ടുണ്ടെങ്കിലും പ്ളാസ്റ്റിക് കവർ കൈയുറകൾ ധരിക്കുന്നതിന് മുമ്പ് തന്നെ പ്രതികൾ കൈകൾ കൊണ്ട് തൊട്ടത് മൂലം വിരലടയാളങ്ങൾ പതിഞ്ഞതാണെന്നാണ് പോലീസ് കരുതുന്നത്.
വിരലടയാളങ്ങൾ കവർച്ചക്കാരുടെതാണെങ്കിൽ പ്രതികളെ എളുപ്പം തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കെട്ടിടം തുരക്കാൻ പ്രതികൾക്ക് സമയം തികയാതെ വന്നത് കൊണ്ട് മാത്രമാണ് തിങ്കളാഴ്ച നീലേശ്വരത്ത് നടക്കുമായിരുന്ന വൻ കവർച്ച ഒഴിവായത്.