ക്ലീൻ കാസർകോട് പ്രഖ്യാപിച്ചിട്ടും ജില്ല ക്ലീനായില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ജില്ലാ പോലീസ് മേധാവി പ്രഖ്യാപിച്ച ഓപ്പറേഷൻ ക്ലീൻ കാസർകോട് മുറയ്ക്ക് നടന്നിട്ടും, കാസർകോട് ജില്ല ക്ലീനായില്ല. കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനത്ത് 300 ഗ്രാം എംഡിഎംഏയുമായി യുവാവ് പിടിയിലായതോടെയാണ് ജില്ലയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും മയക്കുമരുന്ന് കടത്ത് തുടരുന്നുണ്ടെന്ന് വ്യക്തമായത്.

മാർച്ച് 29-ന് സന്ധ്യയ്ക്ക് 7-30 മണിക്കാണ് കാസർകോട് കോട്ടക്കണി ജെപി റോഡ് ജംഗ്ഷന് സമീപം നുള്ളിപ്പാടിയിലെ മുഹമ്മദ് ഷാനവാസ് 22, 300 ഗ്രാം എംഡിഎംഏയുമായി പിടിയിലായത്. കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ കച്ചവടം നടത്തുന്ന ഷാനിബിന് വേണ്ടി ബംഗളൂരുവിൽ നിന്നുമെത്തിച്ച ലഹരി മരുന്നാണ് കാസർകോട് പോലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ബംഗളൂരുവിൽ നൈജീരിയ സ്വദേശിയിൽ നിന്നാണ് താൻ എംഡിഎംഏ വാങ്ങിയതെന്ന് യുവാവ് വെളിപ്പെടുത്തിയതോടെ ലഹരി മാഫിയയുടെ അന്താരാഷ്ട്ര ബന്ധം കൂടി പുറത്തു വന്നിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ദിനംപ്രതി കേസുകൾ റജിസ്റ്റർ ചെയ്യുന്നുണ്ട്.

കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷനുകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ ഒരുമാസത്തിനിടെ 300 മയക്കുമരുന്ന് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലേറെയും മയക്കുമരുന്ന് ഉപയോഗിച്ചതിനാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെയും കച്ചവടം നടത്തുന്നവർക്കെതിരെയും കർശ്ശന നിലപാടാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന സ്വീകരിച്ചിരിക്കുന്നതെങ്കിലും, ലഹരി മാഫിയയെ നിലയ്ക്ക് നിർത്താനായിട്ടില്ല.

കഴിഞ്ഞ ദിവസം കാസർകോട്ട് പിടികൂടിയ 300 ഗ്രാം  എംഡിഎംഏയ്ക്ക് കോടികൾ വിലമതിക്കും. ബംഗളൂരുവാണ് ജില്ലയിലേക്ക് മയക്കുമരുന്നെത്തുന്നതിന്റെ പ്രഭവ കേന്ദ്രം. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട ലഹരി മാഫിയകളെ നിയന്ത്രിച്ചാൽ മാത്രമെ ജില്ലയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് തടയാൻ കഴിയൂ. ലഹരി മാഫിയയെ ഒതുക്കുന്നതിൽ കർണ്ണാടക ആഭ്യന്തര വകുപ്പ് തീർത്തും പരാജയപ്പെട്ടതാണ് ബംഗളൂരുവിൽ ലഹരി മാഫിയ തഴച്ചുവളരാൻ കാരണം.

കേരളവും കർണ്ണാടകവും തമ്മിൽ കൈകോർത്തുള്ള സംയുക്ത നീക്കത്തിലൂടെയല്ലാതെ കാസർകോട് ജില്ലയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് തടയാൻ കഴിയില്ല. കാസർകോടിന്റെ അതിർത്തി പ്രദേശങ്ങളിൽ അധോലോക സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് കാലമേറെയായി. ലഹരി മാഫിയയ്ക്കെതിരെ ജില്ലയിലെ പോലീസ് സംവിധാനം വിശ്രമമില്ലാതെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൗടുവഴികളിലൂടെ ജില്ലയിലേക്ക്  മയക്കുമരുന്ന് എത്തുന്നുണ്ട്. ജില്ലയിലേക്കുള്ള മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എക്സൈസും പൂർണ്ണമായി പരാജയപ്പെട്ടു.

LatestDaily

Read Previous

പോലീസ് ലിസ്റ്റിലുള്ള യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Read Next

സ്വകാര്യാശുപത്രിക്കെതിരായ പരാതിയിൽ നടപടി നീളുന്നു