വധശ്രമക്കേസിൽ ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പുല്ലൂർ കൊടവലത്തെ പ്രവാസി ചന്ദ്രനെ വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ച സംഭവത്തിൽ റിമാന്റിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ഹൊസ്ദുർഗ് പോലീസ് കോടതിയിൽ അപേക്ഷ നല്കി. മാർച്ച് 17 ന് മാവുങ്കാൽ നെല്ലിത്തറയിൽ ഭാര്യയോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന പുല്ലൂർ കൊടവലത്തെ ചന്ദ്രനെ ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച ആറംഗ സംഘത്തിലെ രണ്ടുപേരെയാണ് ദിവസങ്ങൾക്ക് ശേഷം ബി.ജെ.പി യുവ മോർച്ചാ നേതാവ് വൈശാഖിന്റെ വീട്ടിൽ നിന്നും കാഞ്ഞങ്ങാട് ഐ.പി കെ.പി ഷൈനും സംഘവും സാഹസികമായി പിടികൂടിയത്.

ചന്ദ്രനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘത്തിൽ പ്പെട്ടവരും ബി.ജെ.പി പ്രവർത്തകരുമായ മാവുങ്കാൽ മേലടുക്കത്തെ പ്രകാശിന്റെ മകൻ പ്രശോഭ് 22, മൂലക്കണ്ടത്തെ ദാസന്റെ മകൻ ശ്യാം കുമാർ 33, എന്നിവരാണ് അറസ്റ്റിലായി ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്നത്. കേസിൽ ബാക്കിയുള്ള 4 പ്രതിക ൾ ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

ചന്ദ്രനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മറ്റ് പ്രതികൾക്കായി വ്യാപകമായി തെരച്ചിൽ നടക്കുന്നുണ്ടെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു. കൊലപാത ശ്രമത്തിനാധാരമായ കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കിൽ റിമാന്റിലുള്ള പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കോടതിയിൽ നിന്നും കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇവരെ ചോദ്യം ചെയ്യും.

ബി.ജെ.പി പ്രവർത്തകനായ വാഴക്കോട്ടെ അജിത്തിന് പുല്ലൂർ കൊടവലത്തെ ചന്ദ്രനോട് ഗൾഫിലുണ്ടായ പകയാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചത്. ചന്ദ്രന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് അക്രമികൾ ഒാപ്പറേഷൻ നടപ്പിലാക്കിയത്. ദേഹം മുഴുവൻ വെട്ടിക്കീറിയ നിലയിൽ ചികിത്സയിലായിരുന്ന ചന്ദ്രനും അക്രമണത്തിൽ പരിക്കേറ്റ ചന്ദ്രന്റെ ഭാര്യ രമ്യയ്ക്കും മാർച്ച് 17 ന് നടന്ന സംഭവത്തിന്റെ ഞെട്ടൽ ഇതുവരെവിട്ടുമാറില്ല.

തനിക്കെതിരെ നടന്നത് ക്വട്ടേഷൻ ആക്രമണമാണെന്നാണ് ചന്ദ്രൻ പറയുന്നത്. വാഴക്കോട്ടെ അജിത്തിന്റെ ബർദുബായിലെ ഗോഡൗണിൽ നിന്നും ദുബായ് പോലീസ് മദ്യം പിടികൂടിയതിന്റെ ഭാഗമായി അജിത്ത് ദുബായിൽ 4 മാസത്തോളം ജയിലിലായിരുന്നു. ദുബായ് പോലീസിന് ഒറ്റുകൊടുത്തത് ചന്ദ്രനാണെന്ന തെറ്റിദ്ധാരണയാണ് അദ്ദേഹത്തിനെതിരെ നടന്ന ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു.

LatestDaily

Read Previous

യുവാവ് പിടിയിൽ

Read Next

നാട്ടുകാരുടെ ഇടപെടലിൽ തീപിടിത്തം ഒഴിവായി