വി.വി.രമേശന്റെ സ്ഥാനാർത്ഥിത്വം ഐഎൻഎല്ലിന് ചങ്കിടിപ്പ്

കാഞ്ഞങ്ങാട് : നഗരസഭാ തെരഞ്ഞെടുപ്പിൽ മാതോത്ത് വാർഡ് 17-ൽ മുൻ നഗരസഭാ ചെയർമാൻ വി. വി. രമേശനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ആശങ്കയിലായത് നാഷണൽ ലീഗ്. നഗരസഭയിൽ പോയ 5 വർഷക്കാലം വൈസ ്ചെയർപേഴ്സൺ സ്ഥാനം അലങ്കരിച്ചിരുന്നത് ഐഎൻഎല്ലിലെ എൽ. സുലേഖയാണ്.

ചെയർമാനായിരുന്ന വി. വി. രമേശൻ വാർഡ് 17-ൽ വിജയിക്കുകയും കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുപക്ഷത്തിന് തുടർഭരണമുണ്ടാവുകയും ചെയ്താൽ, വൈസ് ചെയർമാൻ പദത്തിലേക്ക് രമേശനെ പരിഗണിക്കാൻ സിപിഎമ്മും എൽഡിഎഫും നിർബ്ബന്ധിതരാകും. അങ്ങിനെ വന്നാൽ ഇത്തവണ ഐഎൻഎല്ലിന് വൈസ് ചെയർമാൻ പദം ലഭിക്കില്ല. എൽ. സുലൈഖയും, ഐഎൻഎല്ലിലെ മറ്റൊരു യുവ നേതാവും വൈസ് ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെടാൻ സാധ്യത നിലനിൽക്കെയാണ് ഐഎൻഎല്ലിന് ചങ്കിടിപ്പ് വർദ്ധിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രമേശനെ വൈസ് ചെയർമാനാക്കി സിപിഎം നേതൃത്വം തീരുമാനമെടുത്താൽ വഴങ്ങിക്കൊടുക്കുകയല്ലാതെ ഐഎൻഎല്ലിന് മറ്റ് വഴികളില്ല.

ഇതോടെ വനിതാ ചെയർപേഴ്സൺ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും സിപിഎമ്മിന്റെ കൈകളിലെത്തും. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഇത്തവണ പുതുമുഖമായിരിക്കും എത്തുക. ഇതുകൊണ്ട് തന്നെ ഭരണപരിചയമുള്ള നേതാവെന്ന നിലയിൽ പ്രത്യക്ഷത്തിൽ നഗരഭരണം നിയന്ത്രിക്കുക വി. വി. രമേശൻ തന്നെയാകും.

അഞ്ചു വർഷം നഗരസഭക്കകത്ത് നടത്തിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് രമേശൻ വാർഡ് 17-ൽ പ്രചാരണമംരംഭിച്ചിരിക്കുന്നത്. അലാമിപ്പള്ളിയിൽ നിന്നുള്ള കൂളിയങ്കാൽ പൊതുമരാമത്ത് റോഡ്, അലാമിപ്പള്ളി ബസ്സ്റ്റാന്റ്, ടൗൺ സ്ക്വയർ, ഗുരുവനം കേന്ദ്രീയ വിദ്യാലയം ഉൾപ്പടെ കഴിഞ്ഞ അഞ്ച് വർഷത്തെ നഗരഭരണത്തിൽ ഒട്ടേറെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് രമേശൻ പ്രചാരണ രംഗത്തിറങ്ങിയിരിക്കുന്നത്.

ചെയർമാൻ പദം വനിതയ്ക്ക് നീക്കിവെച്ചതിനാൽ ഇത്തവണ കൗൺസിൽ സ്ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന നിലപാടായിരുന്നു ആദ്യം രമേശന്.  രമേശന്റെ നേതൃത്വത്തിൽ തന്നെ ഇത്തവണയും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതിനാലാണ് വി. വി. രമേശൻ വീണ്ടും കളത്തിലിറങ്ങിയത്.

LatestDaily

Read Previous

രാഹുൽ പയ്യന്നൂരിൽ പറന്നെത്തി

Read Next

ഖമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി