ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലക്നൗ: കാൻപൂർ ഗൂഢാലോചനക്കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ. ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങൾ പ്രചരിപ്പിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, അതിഖ് മുസാഫർ, മുഹമ്മദ് ഡാനിഷ്, മുഹമ്മദ് സയ്യിദ് മിർ ഹുസൈൻ, ആസിഫ് ഇഖ്ബാൽ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ആസിഫ് ഇറാനി എന്നയാളെ ജീവപര്യന്തം തടവിനും വിധിച്ചു.
കഴിഞ്ഞ മാസം 24നാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇത് അപൂർവമായ കേസാണെന്നും കുറ്റവാളികൾ കടുത്ത ശിക്ഷ അർഹിക്കുന്നുവെന്നും വിധി പ്രസ്താവിച്ച ജഡ്ജി വി എസ് ത്രിപാഠി പറഞ്ഞു. 2017ലായിരുന്നു എട്ട് പ്രതികളും കാൻപൂരിൽ വച്ച് അറസ്റ്റിലായത്. 2017 മാർച്ച് എട്ടിന് ലഖ്നൗവിലെ എടിഎസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
നിരോധിത തീവ്രവാദ സംഘടനയായ ഐഎസ് രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിടുന്നതായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മുഹമ്മദ് ഫൈസലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.